കയറ്റുമതി ഉയരുന്നു, വിപണിയില്‍ മുന്നേറി പഞ്ചസാര കമ്പനികള്‍

ഉഗര്‍ ഷുഗര്‍ വര്‍ക്‌സ് ലിമിറ്റഡിന്റെ ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയായ 79.20 രൂപയിലെത്തി.

Update: 2022-04-05 06:26 GMT

രാജ്യത്തെ പഞ്ചസാര കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ക്കിടെ ഓഹരി വിപണിയില്‍ മുന്നേറി പഞ്ചസാര കമ്പനികള്‍. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നിലവിലെ സീസണില്‍ ഇന്ത്യ കുറഞ്ഞത് 85 ലക്ഷം ടണ്‍ പഞ്ചസാരയെങ്കിലും കയറ്റുമതി ചെയ്യുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ (ഐഎസ്എംഎ) കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയില്‍ പഞ്ചസാര കമ്പനികള്‍ മുന്നേറുന്നത്.

ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിന്റെ ഓഹരി വില ഇന്ന് 2 ശതമാനത്തോളമാണ് (05-04-2022, 11.40) ഉയര്‍ന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തോളം നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. സമാനമായി ശ്രീ രേണുക ഷുഗറിന്റെ ഓഹരി വിലയും ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടെ ഏഴ് ശതമാനമാണ് ഓഹരി വില വര്‍ധിച്ചത്. ഉഗര്‍ ഷുഗര്‍ വര്‍ക്‌സ് ലിമിറ്റഡിന്റെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലയായ 79.20 രൂപയിലെത്തി. അഞ്ച് ദിവസത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില 10 ശതമാനമാണ് ഉയര്‍ന്നത്. സിംഭോലി ഷുഗേഴ്‌സ് ലിമിറ്റഡിന്റെ ഓഹരി വിലയും അഞ്ച് ദിവസത്തിനിടെ ഏഴ് ശതമാനത്തോളം ഉയര്‍ന്നു.

തിങ്കളാഴ്ച പുറത്തിറക്കിയ ഐഎസ്എംഎ പ്രസ്താവന പ്രകാരം, കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ച 505 മില്ലുകളെ അപേക്ഷിച്ച് 518 പഞ്ചസാര മില്ലുകള്‍ ഈ സീസണില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News