ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീസ അപേക്ഷയില്‍ കടുംവെട്ടുമായി കാനഡ; കാരണം പോലുമില്ല
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വീസ അപേക്ഷകളില്‍ 40 ശതമാനവും കാനഡ നിരസിച്ചതായി ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട്. 'മറ്റ് കാരണങ്ങളാൽ' (others) അല്ലെങ്കില്‍ 'കാരണം വ്യക്തമല്ലാത്ത' (unspecified) എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ അപേക്ഷകൾ നിരസിച്ചത്. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥി വീസ അപേക്ഷകൾ നിരസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വീസകളാണ് കൂടുതലും.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഡിസംബർ വരെയുള്ള കണക്കുപ്രകാരം ഏകദേശം 3.2 ലക്ഷം സജീവ പഠന പെര്‍മിറ്റുകള്‍ ഇന്ത്യക്കാർ കാനഡയിൽ നേടിയിട്ടുണ്ട്. പലപ്പോഴും പ്രാദേശിക വിദ്യാര്‍ത്ഥികളേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ ഫീസ് അടച്ചാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്.