ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 03, 2020

Update: 2020-07-03 14:11 GMT

ഇന്ന് സംസ്ഥാനത്ത് 211 കോവിഡ് ബാധിതര്‍; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യ

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് ഏറ്റവും കൂടുതല്‍ കേസുകളാണിത്. 201 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേരും വിദേശത്ത് നിന്നും എത്തിയവരാണ്.

39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡ്യൂട്ടിക്ക് നിന്നിരുന്ന ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് ഇന്ത്യയില്‍

രോഗികള്‍ : 625,544 (ഇന്നലെ :604,641 )

മരണം: 18,213 (ഇന്നലെ : 17,834)

ഇന്ന് ലോകത്ത്

രോഗികള്‍ : 10,869,739 (ഇന്നലെ :10,694,060)

മരണം: 521,298 (ഇന്നലെ : 516,210)

ഓഹരി വിപണിയില്‍ ഇന്ന്

തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി ഉയര്‍ന്നു. ഇതോടെ നേട്ടമുണ്ടായ ഒരു വാരത്തിന് കൂടി തിരശ്ശീല വീണു. ആഴ്ച അടിസ്ഥാനത്തിലുള്ള പ്രകടനം എടുത്താല്‍ സെന്‍സെക്സ് ഈ വാരത്തില്‍ 2.41 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 2.16 ശതമാനവും. ഇന്ന് സെന്‍സെക്സ് 178 പോയ്ന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 36,021ല്‍ ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 36,110 പോയ്ന്റ് വരെയെത്തിയിരുന്നു. നിഫ്റ്റി 10,600 എന്ന തലവും കടന്ന് 10,607ല്‍ ക്ലോസ് ചെയ്തു. 56 പോയ്ന്റ് അഥവാ 0.53 ശതമാനമാണ് നിഫ്റ്റി ഉയര്‍ന്നത്.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസന്‍ കേരള കമ്പനികള്‍ ഇന്ന് റെഡ് സോണിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രമുഖ എന്‍ബിഎഫ്സികളായ മണപ്പുറം , മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ് എന്നിവ ഇന്ന് നിലമെച്ചപ്പെടുത്തി. ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിലകള്‍ താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് നേരിയ നേട്ടമുണ്ടാക്കി. ജിയോജിതിന്റെ ഓഹരി വില ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ് ): 4495 രൂപ, (ഇന്നലത്തെ വില: 4480 രൂപ)

പവന് 35960 രൂപ

ഉയര്‍ച്ചയുടെ പാത വീണ്ടെടുത്ത് കേരളത്തിലെ സ്വര്‍ണ വില. 120 രൂപ വര്‍ദ്ധിച്ച് 35960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.  വില ഇന്നലെ  ഇടിഞ്ഞിരുന്നു. പവന് 320 രൂപ കുറഞ്ഞ് 35840 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 4495 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില. ജൂലൈ ഒന്നിന് വില പവന് 36160 രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അതേസമയം, എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 48,171 രൂപയിലെത്തി. ഈ ആഴ്ച ആദ്യം 10 ഗ്രാമിന് 48,982 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും തുടര്‍ന്ന് നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല.

ഒരു ഡോളര്‍ : 74.67 രൂപ (ഇന്നലത്തെ വില: 74.73 രൂപ

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude40.14-0.51
Brent Crude42.61-0.53
Natural Gas1.730-0.004

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

ജിയോയില്‍ 1900 കോടി രൂപ നിക്ഷേപവുമായി ഇന്റെല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്ഫോമായ ജിയോയില്‍ 1,894.5 കോടിയുടെ നിക്ഷേപവുമായി അമേരിക്കന്‍ അന്താരാഷ്ട്ര ഗ്രൂപ്പ് ഇന്റെല്‍. 11 ആഴ്ചയ്ക്കിടെ ജിയോയിലെത്തിയ പന്ത്രണ്ടാമത്തെ നിക്ഷേപമാണ് ഇന്റെല്‍ ക്യാപിറ്റലില്‍ നിന്നുള്ളത്. ഇതുവരെ കമ്പനി ആഗോള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 1,17,588.45 കോടി രൂപ. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, വിസ്ത ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബഡാല, എഐഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളാണ് നേരത്തെ ജിയോയില്‍ നിക്ഷേപമിറക്കിയത്. ഇതില്‍ സില്‍വര്‍ ലേക്ക് രണ്ടു തവണ് ജിയോ ഓഹരികള്‍ വാങ്ങി. ഈ രണ്ടു നിക്ഷേപങ്ങളിലൂടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി വിഹിതം 2.08 ശതമാനമായി.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് കൈത്താങ്ങായി ഇനി കേരള ബാങ്ക്

കടല്‍ കനിഞ്ഞില്ലെങ്കില്‍ മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികളുടെ വീട്ടില്‍ അടുപ്പ് എരിയാത്ത അവസ്ഥയും ഇനി മാറും. മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് ബദല്‍ സ്വയം തൊഴില്‍ മാര്‍ഗം കണ്ടെത്താനുള്ള വായ്പ സഹായവുമായി കേരള ബാങ്ക് രംഗത്ത്.

കോവിഡ് 19 :ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ ഇന്ത്യന്‍ വാക്‌സിന്‍

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും.രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കീഴിലാണ് പരീക്ഷണം നടത്തുന്നതെന്ന് ഐ സി എം ആര്‍ അറിയിച്ചു. ആദ്യ വിജയ ഫലങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാന മന്ത്രിക്കു നിര്‍ണ്ണായക പ്രഖ്യാപനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗവേഷകര്‍. വാക്സിന്‍ രാജ്യത്തിനു മുന്നില്‍ അന്നവതരിപ്പിക്കാന്‍ അന്ന് സാധ്യമായേക്കുമെന്ന വിശ്വാസവും ചില വിദഗ്ധര്‍ പങ്കുവച്ചുതുടങ്ങി.

ജൂലൈ 31 വരെ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ഇല്ല

രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ജൂലൈ 31 വരെ റദ്ദാക്കിക്കൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അംഗീകരിച്ച വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ ജൂലൈ 15 വരെ വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡി.ജി.സി.എ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ജൂലൈ 31 വരെ നീട്ടിയത്.

ആകര്‍ഷകമായ നിരക്കില്‍ വണ്‍പ്ലസ് സ്മാര്‍ട്ട് ടിവികള്‍ എത്തി, വില 12,999 മുതല്‍

കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ടിവികള്‍ സ്വന്തമാക്കാം. ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ് രണ്ട് ടിവികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില തുടങ്ങുന്നത് 12,999 രൂപയിലാണ്. യൂ സീരീസ്, വൈ സീരീസ് എന്നിങ്ങനെ രണ്ട് ശ്രേണികളാണ്.

വേദാന്ത പോയി എച്ച്ഡിഎഫ്‌സി ലൈഫ് വന്നു, അറിയാം നിഫ്റ്റിയിലെ പുതിയ മാറ്റങ്ങള്‍

അനില്‍ അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന മൈനിംഗ് കമ്പനി വേദാന്ത ലിമിറ്റഡ് ഡിലിസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍ എസ് ഇ) സൂചികകളില്‍ മാറ്റം. നിഫ്റ്റി 50 സൂചികയില്‍ ഇനി വേദാന്ത പകരം എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറസ് കയറും. നിഫ്റ്റി നെക്സ്റ്റ് 50ല്‍ എച്ച്ഡിഎഫ്‌സി ലൈഫിന് പകരമായി എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് വരും.

റിലയന്‍സ് ‘ജിയോ മീറ്റ്’ ലോഞ്ച് ചെയ്തു; സൂമിനും ഗൂഗ്ള്‍ മീറ്റിനും തിരിച്ചടിയായേക്കും

സൂം, ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് വീഡിയോ പ്ലാറ്റ്ഫോമുമായി മത്സരിക്കാന്‍ ലക്ഷക്കണക്കിനു വരുന്ന തങ്ങളുടെ ഉപയോക്താക്കള്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പുതിയ ഉല്‍പ്പന്നമവതരിപ്പിച്ച് ജിയോ. ജിയോമീറ്റ് എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പ്‌ളാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോളാണ് ആപ്പ് ലോഞ്ച് ചെയ്തത്. ലോക്ഡൗണില്‍ ഏറ്റവുമധികം പ്രൊഫഷണല്‍ ഉപഭോക്താക്കളെ സ്വന്തമാക്കിയ സൂമിന് കനത്ത തിരിച്ചടിയായേക്കും ജിയോയുടെ ഉപഭോക്തൃനിര കണക്കാക്കുമ്പോള്‍ ജിയോ മീറ്റും.

ഫെയര്‍ ആന്‍ഡ് ലവ്‌ലി’പേര് മാറ്റി; പുതിയപേര് തങ്ങളുടേതെന്ന വാദവുമായി ഇമാമി രംഗത്ത്

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളിലൊന്നായ ഫെയര്‍ ആന്‍ഡ് ലവ്‌ലി വര്‍ണവെറിക്കെതിരെ ലോകമെമ്പാടും നടക്കുന്ന കാംപെയ്‌നില്‍ അണി ചേര്‍ന്നിുന്നു. ഫെയര്‍ എന്നത് പ്രചരിപ്പിക്കുന്ന പേര് നീക്കംചെയ്യാന്‍ ആണ് തങ്ങള്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചിരുന്നു. ഫെയര്‍ ഇല്ല, ഇനി മുതല്‍ ‘ഗ്ലോ ആന്‍ഡ് ലവ്‌ലി’ എന്ന പേരില്‍ അറിയപ്പെടും. ഉല്‍പ്പന്നത്തിന്റെ പുരുഷന്മാരുടെ വിഭാഗത്തെ ‘ഗ്ലോ & ഹാന്‍ഡ്സം’ എന്ന് വിളിക്കുമെന്നും എച്ച്യുഎല്‍ വ്യാഴാഴ്ച എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ഏതുനിറക്കാര്‍ക്കും തിളങ്ങാം എന്നതാണ് പുതിയ ബ്രാന്‍ഡ് പ്രമേയം.

സൂഫിയും സുജാതയും’ ഓണ്‍ലൈനില്‍; പിന്നാലെ വ്യാജപതിപ്പ് പുറത്ത്

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജം; ലഡാക്കില്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് മോദി

മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.

സ്ഥിതി വഷളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്: ഇന്ത്യയോട് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. സ്ഥിതിഗതികള്‍ വഷളാക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ സ്ഥിഗതികള്‍ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുത്-ചൈനീസ് വക്താവ് പറഞ്ഞു.

ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യം

ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. സംഘപരിവാര്‍ സംഘടനയായ ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് ആണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. ടിബറ്റന്‍ വിഷയത്തില്‍ ചൈനയ്ക്ക് കൃത്യമായ സൂചന നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സംഘടന വാദിക്കുന്നത്.

ചൈനയില്‍നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി

ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിറകെ ചൈനയില്‍നിന്ന് വൈദ്യുതി വിതരണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ.സിങ് പറഞ്ഞു. സംസ്ഥാന ഊര്‍ജമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ഡൗണിനിടെ ആദായ നികുതി റീഫണ്ടായി 62,361 കോടി നല്‍കി

ലോക്ഡൗണ്‍ കാലയളവില്‍ ആദായ നികുതി വകുപ്പ് നികുതി ദായകര്‍ക്ക് തിരിച്ചുകൊടുത്തത് 62,361 കോടി രൂപ.20 ലക്ഷം നികുതി ദായകര്‍ക്കാണ് ഇത്രയും തുക മൂന്നുമാസക്കാലയളവില്‍ ടാക്‌സ് റീഫണ്ട് നല്‍കിയത്. വ്യക്തിഗത, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായാണ് ഈ തുക നല്‍കിയത്.ഏപ്രില്‍ എട്ടു മുതല്‍ ജൂണ്‍ 30വരെ ഒരു മിനുട്ടില്‍ ശരാശരി 76 റീഫണ്ടുകളാണ് നല്‍കിയതെന്ന് ധനമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് വരവുവെയ്ക്കുകയാണ് ചെയ്തത്.

രൂപയുടെ മൂല്യത്തില്‍ കുതിപ്പ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കുതിപ്പ്.ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്‌സിന്‍ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്. രാവിലത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയര്‍ന്നു. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് മുടക്കേണ്ടത് 74.59 രൂപ. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്.

കനത്ത മഴ; മുംബൈ നഗരം വെളളത്തില്‍

വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുംബൈയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതികൂലസാഹചര്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ പുറത്തേക്കിറങ്ങരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രക്തപരിശോധനയിലൂടെ കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാമെന്ന് ഗവേഷകര്‍

കോവിഡ്-19 ബാധിച്ചവരില്‍ ഗുരുതരാവസ്ഥയില്‍ ആകാനിടയുള്ള രോഗികളെ രക്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പുതിയ ഗവേഷണ നിഗമനം. വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമാകുകയും വെന്റിലേറ്റര്‍ ആവശ്യമായി തീരാനിടയുള്ളവരെയും ഇത്തരത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജിനിയാസിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് രാജ്യം വിട്ട വ്യവസായിക്കെതിരെ 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബാങ്കുകള്‍

വ്യവസായി ഇന്ത്യ വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബാങ്കുകള്‍ രംഗത്ത്. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടര്‍ മഞ്ജിത് സിങ് മഖ്‌നിക്കെതിരെ കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സിബിഐക്ക് പരാതി നല്‍കിയത്. മഞ്ജിത് സിങ് നിലവില്‍ കാനഡയിലാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്ന് ആരോഗ്യ മന്ത്രി

കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ സഞ്ജീവനിയില്‍ കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇതുവരെ 2831 കണ്‍സള്‍ട്ടേഷനുകളാണ് നടത്തിയത്. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News