ഇലോണ്‍ മസ്‌കിന് രണ്ട് ദിവസം കൊണ്ട് നഷ്ടമായത് 50 ബില്യണ്‍ ഡോളര്‍!
ടെസ്ല ഓഹരികള്‍ ഇടിഞ്ഞതോടെ മസ്‌കിന് വീണ്ടും തിരിച്ചടി. സമ്പന്നപ്പട്ടികയില്‍ ബെസോസ് തൊട്ടുപിന്നില്‍.;
മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാംദിവസവും ടെസ്ല ഓഹരികള്‍ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് മസ്‌കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തിലും 35 ബില്യണ്‍ ഡോളറാണ് ഇടിവാണ് മസ്‌കിന് ഉണ്ടായത്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണിത്, 2019 ല്‍ മക്കെന്‍സി സ്‌കോട്ടില്‍ നിന്നുള്ള വിവാഹ മോചനത്തെത്തുടര്‍ന്ന് ജെഫ് ബെസോസിന്റെ 36 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയുമാണിത്.
സ്വത്തില്‍ വളരെ വലിയ ഇടിവുണ്ടായെങ്കിലും ലോക സമ്പന്നന്മാരില്‍ ഇപ്പോഴും ഇലോണ്‍ മസ്‌ക് തന്നെ ഒന്നാമന്‍. 288 ബില്യണ്‍ ഡോളര്‍ ആണ് മസ്‌കിന്റെ ആകെ ആസ്തി. 206 ബില്യണ്‍ ഡോളറോടെ രണ്ടാം സ്ഥാനത്ത് ജെഫ് ബെസോസുമുണ്ട്. എന്നാല്‍ ഏറെ അടുത്താണിപ്പോള്‍ ജെഫ് ബെസോസ് - ഇലോണ്‍ മസ്‌ക് പോരാട്ടം.
3031 ജനുവരിയിലാണ് ആദ്യമായി ആമസോണ്‍ ഡോട്ട് കോം സ്ഥാപകനായ ബെസോസിനെ മസ്‌ക് മറികടന്നത്. ഇരുവരും തമ്മിലുള്ള അന്തരം അടുത്തിടെ 143 ബില്യണ്‍ ഡോളറായി മാറിയിരുന്നു. ഇത് ലോകത്തിലെ നാലാമത്തെ സമ്പന്നനായ ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയെക്കാള്‍ കൂടുതലാണെന്നത് കൗതുകമാണ്.
ടെസ്ലയുടെ ഓഹരികളുടെ ചാഞ്ചാട്ടം തുടരുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും ട്വീറ്റിനു ശേഷമാണ് ഇത് സംഭവിച്ചത്. കമ്പനിയിലെ തന്റെ ഓഹരിയുടെ 10% വില്‍ക്കണോ വേണ്ടയോ എന്ന തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിനോടുള്ള ചോദ്യമാണ് മസ്‌കിനെ കുഴപ്പിച്ചത്. മസ്‌ക് ട്വിറ്റര്‍ പോളിംഗ് ഇടുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ സഹോദരന്‍ കിംബാല്‍ ഓഹരികള്‍ വിറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.