പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും വില കൂടി; ജൂണിൽ പണപ്പെരുപ്പം 5.08 ശതമാനമായി
ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി വിലകളില്‍ വന്‍ വര്‍ധന
ഇന്ത്യയില്‍ റീട്ടെയിൽ പണപ്പെരുപ്പം ജൂണിൽ നാല് മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനത്തില്‍ എത്തി. ഭക്ഷ്യവിലപ്പെരുപ്പം 8.7 ശതമാനത്തിലെത്തിയിട്ടും പണപ്പെരുപ്പം കഴിഞ്ഞ മാസം 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.75 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 8 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന തുടർച്ചയായ എട്ടാം മാസമാണ് ജൂൺ. പണപ്പെരുപ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചിക മുൻ മാസത്തെ അപേക്ഷിച്ച് 1.33 ശതമാനം ഉയർന്നു, ഭക്ഷ്യ പണപ്പെരുപ്പത്തില്‍ 3.17 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും പണപ്പെരുപ്പം ഇരട്ട അക്കത്തില്‍
പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും പണപ്പെരുപ്പം യഥാക്രമം 29.3 ശതമാനവും 16.1 ശതമാനവും ഉയർന്ന് ഇരട്ട അക്കത്തിൽ എത്തി. ഉരുളക്കിഴങ്ങിന്റെ വിലയില്‍ ഉണ്ടായിരിക്കുന്ന പണപ്പെരുപ്പം ജൂണിൽ 57.6 ശതമാനവും ഉള്ളി വിലയില്‍ പണപ്പെരുപ്പം 58.5 ശതമാനവും തക്കാളി വിലയില്‍ പണപ്പെരുപ്പം 26.4 ശതമാനവുമാണ്.
പയറുവർഗ്ഗങ്ങളുടെ പണപ്പെരുപ്പം തുടർച്ചയായി 13 മാസമായി ഇരട്ട അക്കത്തിൽ തുടരുകയാണ്, അതേസമയം പച്ചക്കറി വിലക്കയറ്റം തുടർച്ചയായ എട്ടാം മാസമാണ് ഇരട്ട അക്കത്തിൽ തുടരുന്നത്.
റിസർവ് ബാങ്ക് പലിശ നിരക്ക് നിലനിർത്താന്‍ സാധ്യത
മെയ്-ജൂൺ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളുടെ ആഘാതം, പച്ചക്കറികള്‍ കൂടുതല്‍ കാലം സൂക്ഷിച്ചു വെക്കാന്‍ പറ്റാത്ത അവസ്ഥ, കഴിഞ്ഞ മാസം ഉത്സവ സീസണിൽ ഉയർന്ന ഡിമാൻഡ് എന്നിവയെല്ലാം വില ക്രമാതീതമായി ഉയരാനുളള കാരണങ്ങളാണ്. ഉയർന്ന പണപ്പെരുപ്പം റിസർവ് ബാങ്കിനെ പലിശ നിരക്ക് നിലനിർത്താനുള്ള നിലവിലെ നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധ്യതയില്ല.
ആഗോളതലത്തിലും ഇന്ത്യയിലും മൊത്തത്തിലുള്ള സാമ്പത്തിക അന്തരീക്ഷം പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാടുളളത്.
ജൂലൈ മാസത്തില്‍ അനുകൂലമായ മണ്‍സൂണ്‍ ഭക്ഷ്യ പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂലമായ അടിസ്ഥാന ഘടകങ്ങള്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പണപ്പെരുപ്പത്തില്‍ കുറവ് ഉണ്ടാക്കിയേക്കും. എന്നാല്‍ പച്ചക്കറികളില്‍ ഉണ്ടാകുന്ന വില വര്‍ധനയും ടെലികോം താരിഫ് വർദ്ധനകളും പണപ്പെരുപ്പത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.