റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയതോടെ ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യത്തിലേക്ക്. 6,480 കോടി രൂപ ചെലവിട്ട് ഫാസ്റ്റ് റെയില്‍ ട്രാന്‍സിസ്റ്റ് സിസ്സ്റ്റമെന്ന ആധുനിക ബ്രോഡ് ഗേജ് ഇരട്ടപ്പാത നിര്‍മിക്കാനാണ് പദ്ധതി. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തന്നെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അഞ്ചു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും.
59.23 കിലോമീറ്റര്‍ ദൂരം, 20 തുരങ്കങ്ങള്‍, 22 പാലങ്ങള്‍
ചെങ്ങന്നൂരില്‍ നിന്നും വടശേരിക്കര, മാടമണ്‍, അത്തിക്കയം, നിലയ്ക്കല്‍, ചാലക്കയം വഴി പമ്പയിലെത്തുന്ന 59.23 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുക. ഇരട്ടപാതയായതിനാല്‍ ട്രാക്കിന്റെ ആകെ നീളം 126.16 കിലോമീറ്ററാകും. ചെങ്ങന്നൂര്‍, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നീ അഞ്ച് സ്‌റ്റേഷനുകളുണ്ടാകും. ഈ പാതയില്‍ 22 പാലങ്ങളും 20 തുരങ്കങ്ങളും നിര്‍മിക്കും. 14.34 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തുരങ്കങ്ങളും 14.52 കിലോമീറ്റര്‍ നീളത്തില്‍ പാലങ്ങളും നിര്‍മിക്കും. റെയില്‍വേയുടെ നിര്‍മാണ വിഭാഗം നിയോഗിച്ച കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 6,480 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നതെങ്കിലും പൂര്‍ത്തിയാകുമ്പോള്‍ 7,208.24 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍.
213.687 ഹെക്ടര്‍ ഭൂമിയേറ്റെടുക്കണം
പദ്ധതിക്കായി 213.687 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ഇതില്‍ 81.367 ഹെക്ടര്‍ വനഭൂമിയാണ്. കേന്ദ്രത്തിന് കൂടി താത്പര്യമുള്ള പദ്ധതിയായതിനാല്‍ വനഭൂമിയടക്കം വിട്ടുകിട്ടുന്നതിന് പരിസ്ഥിതി-വനം മന്ത്രാലയങ്ങളുടെ കാലതാമസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ള 127.038 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
200 കിലോമീറ്റര്‍ വേഗം, വന്ദേഭാരത് മോഡലില്‍ സര്‍വീസ്
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാവുന്ന വിധത്തിലായിരിക്കും പാത നിര്‍മിക്കുക. നിലവില്‍ റോഡ് മാര്‍ഗം ചെങ്ങന്നൂരില്‍ നിന്നും പമ്പയിലെത്താന്‍ മൂന്ന് മണിക്കൂറിലധികം വേണ്ടി വരും. പുതിയ പാത വന്നാല്‍ ഈ സമയം ഏറെ സമയം ലാഭിക്കാമെന്നാണ് പ്രതീക്ഷ. വനപ്രദേശമായതിനാല്‍ ഹരിത ട്രെയിനുകള്‍ ഓടിക്കാനുള്ള ആലോചനയിലാണ് റെയില്‍വേ. വന്ദേഭാരത് മോഡല്‍ സര്‍വീസുകളായിരിക്കും ഓടിക്കുക. തീര്‍ത്ഥാടന വേളയില്‍ മാത്രമാണ് സര്‍വീസ് നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസപൂജയ്ക്കായി നടതുറക്കുമ്പോള്‍ സര്‍വീസ് നടത്തണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബാക്കി സമയങ്ങളില്‍ പാത അടച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
യാത്ര എളുപ്പമാകും, റോഡിലെ തിരക്ക് കുറയും
നിര്‍ദിഷ്ട ശബരിപാത യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. കുറഞ്ഞ ചെലവിലും സുരക്ഷിതമായും വേഗത്തിലും തീര്‍ത്ഥാടനം സാധ്യമാകും. ഇത് കൂടുതല്‍ തീര്‍ത്ഥാടകരെ പ്രദേശത്തേക്ക് ആകര്‍ഷിക്കും. റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കുന്നത് അപകടങ്ങളും റോഡിലെ തിരക്കും കുറയ്ക്കാന്‍ സഹായിക്കും. പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ വരുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിലും കാര്യമായ പുരോഗതിയുണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് രംഗത്തും വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആധുനിക രീതിയിലുള്ള പാലങ്ങളും തുരങ്കങ്ങളും സാധ്യമാകുന്നതോടെ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാകും. ഹരിത ട്രെയിനുകള്‍ ഓടിക്കാനുള്ള പദ്ധതി വനമേഖലയടക്കമുള്ള പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാതവും കുറയ്ക്കുമെന്നാണ് പ്രതീക്ഷ. തീര്‍ത്ഥാടകരുടെ വര്‍ഷങ്ങളുടെ ആവശ്യമായ ശബരിപാത യാഥാര്‍ത്ഥ്യമാകുന്നത് രാഷ്ട്രീയമായി നേട്ടമാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളും കരുതുന്നത്.