₹817 കോടി 'സഹായത്തിന്' ₹10,000 കോടി തിരിച്ചുവേണമെന്ന് കേന്ദ്രം! വിഴിഞ്ഞത്തില്‍ ഉടക്ക് തുടരുന്നു, ഉദ്ഘാടനത്തിലും അവ്യക്തത
കമിഷനിംഗ് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി വാണിജ്യ പ്രവര്‍ത്തനം തുടങ്ങി രണ്ടാഴ്ചയായിട്ടും കമിഷനിംഗില്‍ തീരുമാനമായില്ല. തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ (വി.ജി.എഫ്) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സമവായത്തില്‍ എത്താത്തതാണ് കമിഷിനിംഗ് വൈകുന്നതെന്നാണ് വിവരം. തുറമുഖത്തിന്റെ ഔദ്യോഗിക കമിഷനിംഗ് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചതായി വിവരമില്ല. ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഭരണ സമിതിയുടെ യോഗമാണ്. ഈ യോഗവും ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന നിലപാടിലാണ് അദാനി പോര്‍ട്ട് അധികൃതരും.
വി.ജി.എഫ് തിരിച്ചുനല്‍കണമെന്ന് കേന്ദ്രം
അതേസമയം, വിഴിഞ്ഞത്തിന് നല്‍കുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരിച്ചുവേണമെന്ന വ്യവസ്ഥയില്‍ ഇളവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജ്യസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം നല്‍കിയ കത്തുകള്‍ ഉന്നതാധികാര സമിതി പരിശോധിച്ചതായും ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും സമാന നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്.
തന്നത് 817 കോടി, തിരിച്ചടക്കേണ്ടത് 10,000 കോടി!
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 817.8 കോടി രൂപ കേരളം തിരിച്ചടക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പലിശയടക്കം ഈ തുക തിരിച്ചടക്കാന്‍ 10,000 മുതല്‍ 12,000 കോടി രൂപ വരെ അധിക ചെലവാകുമെന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞം തുറമുഖ കരാര്‍ അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് 1,635 കോടി രൂപ നല്‍കണം. ഇരു സര്‍ക്കാരുകളും 817.8 കോടി രൂപ വീതം നല്‍കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിഹിതം വായ്പയാണെന്നും ഇത് തിരിച്ചടക്കണമെന്നും കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിന് കത്ത് ലഭിച്ചു. നെറ്റ് പ്രസന്റ് വാല്യൂ (എന്‍.പി.വി) എന്ന രീതിയിലാണ് പണം തിരിച്ചടക്കേണ്ടത്. തിരിച്ചടവ് കാലാവധിയും പലിശയും പരിഗണിച്ചാല്‍ ഏതാണ്ട് 12,000 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന നടപടിയാണിത്. തൂത്തുക്കുടി തുറമുഖത്തിന് നല്‍കിയ പരിഗണന കേരളത്തിനും നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
കേന്ദ്രനടപടി നീതീകരിക്കാനാവില്ലെന്ന് കേരളം
വി.ജി.എഫ് തുക ഗ്രാന്റായി അനുവദിക്കില്ലെന്ന കേന്ദ്രസമീപനം നീതീകരിക്കാന്‍ ആവില്ലെന്നാണ് ഇതേക്കുറിച്ച് ധനവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ കസ്റ്റംസ് ഡ്യൂട്ടിയുടെ പ്രധാന പങ്കും കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ചരക്കുനീക്കത്തില്‍ ഏറിയ പങ്കും വിഴിഞ്ഞത്തേക്ക് വരുന്നതോടെ വൻലാഭം കേന്ദ്രത്തിനുണ്ടാകും. ഇതുവരെ പദ്ധതിയില്‍ കേന്ദ്ര സഹായം ലഭിച്ചിട്ടില്ല. ആര്‍ബിട്രേഷന്‍ കേസുകള്‍ പിന്‍വലിച്ചാല്‍ വി.ജി.എഫ് നല്‍കാമെന്നായിരുന്നു കേന്ദ്രനിലപാട്. കേസ് പിന്‍വലിച്ചപ്പോള്‍ വായ്പയായി നല്‍കാമെന്ന് നിലപാട് മാറ്റിയെന്നും മന്ത്രി ആരോപിച്ചു. കേരളം 2,159.39 കോടി രൂപ പദ്ധതിക്ക് വേണ്ടി മുടക്കിയപ്പോള്‍ കേന്ദ്രം ഒരു രൂപ പോലും ചെലവഴിക്കാതെ കോടികളുടെ വരുമാനം അടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.