ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ മുന്നേറ്റം
രണ്ടാംസ്ഥാനത്ത് ഷവോമി, ആപ്പിളിന്റെ വിപണിവിഹിതം കുറഞ്ഞു
ഇടക്കാലത്ത് ചൈനീസ് ബ്രാന്‍ഡുകള്‍ കൈയടക്കിയ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വീണ്ടും ദക്ഷിണ കൊറിയന്‍ കമ്പനി സാംസംഗിന്റെ മുന്നേറ്റം. 2023 ഏപ്രിലില്‍ 18.4 ശതമാനം വിഹിതവുമായി സാംസംഗാണ് വിപണിയില്‍ ഒന്നാമതെന്ന് '91 മൊബൈല്‍സ്' പുറത്തുവിട്ട 'സ്മാര്‍ട്ട്‌ഫോണ്‍ ബയര്‍ ഇന്‍സൈറ്റ്‌സ് സര്‍വേ - ഏപ്രില്‍ 2023' റിപ്പോര്‍ട്ട് വ്യക്തമാക്കി.
Also Read : എന്‍.എസ്.ഇയുടെ ഓഹരികള്‍ സ്വന്തമാക്കി മലയാളി; നിക്ഷേപമൂല്യം 516 കോടി
സാംസംഗിന് പുറമേ ഷവോമി, മോട്ടോറോള, വിവോ, ഇന്‍ഫിനിക്‌സ്, പോകോ, ഓപ്പോ, ടെക്‌നോ, ഐക്യൂ എന്നിവയും നേരിയതോതില്‍ വിപണിവിഹിതം ഉയര്‍ത്തിയിട്ടുണ്ട്. ആപ്പിള്‍, വണ്‍പ്ലസ്, നോക്കിയ, അസ്യൂസ്, റിയല്‍മി എന്നിവയുടെ വിപണിവിഹിതം കുറഞ്ഞു.
വിപണിയില്‍ സാംസംഗ്
ഏപ്രിലിലെ കണക്കുപ്രകാരം 18.4 ശതമാനം വിഹിതവുമായി സാംസംഗാണ് ഇന്ത്യന്‍ വിപണിയില്‍ മുന്നില്‍. 13.1 ശതമാനവുമായി ഷവോമി രണ്ടാമതുണ്ട്. വിവോ (11.7 ശതമാനം), റിയല്‍മി (11.6 ശതമാനം), ആപ്പിള്‍ (11.1 ശതമാനം), ഓപ്പോ (9 ശതമാനം), വണ്‍പ്ലസ് (6 ശതമാനം), മറ്റുള്ളവര്‍ (18.39 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ വിപണിവിഹിതം.
താത്പര്യം ഐഫോണിനോട്
നിലവിലെ ഫോണ്‍ മാറ്റി പുതിയത് വാങ്ങാന്‍ താത്പര്യപ്പെടുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസില്‍ ആദ്യമെത്തുന്ന ബ്രാന്‍ഡ് ആപ്പിള്‍ ഐഫോണ്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 20.3 ശതമാനം പേര്‍ക്ക് ഐഫോണ്‍ വാങ്ങാനാണ് താത്പര്യം. 18.8 ശതമാനവുമായി സാംസംഗ് ആണ് രണ്ടാമത്. വണ്‍പ്ലസ് (14.4 ശതമാനം), റിയല്‍മി (7.9 ശതമാനം), വിവോ (7.9 ശതമാനം), ഷവോമി (6.4 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കമ്പനികളോടുള്ള താത്പര്യം.