ലിങ്ക്ഡിന്നും മൈക്രോസോഫ്റ്റും കണ്ടെത്തിയ ഏറ്റവും ഡിമാന്റുള്ള 10 ജോലികള്‍ ഏതൊക്കെ?

Update: 2020-07-06 12:03 GMT

ലോകം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് പ്രതിസന്ധി നിരവധിപ്പേരെ തൊഴില്‍രഹിതരാക്കി. എന്നാല്‍ ഡിമാന്റുള്ള മേഖലകള്‍ കണ്ടെത്തി അതില്‍ ആവശ്യമായ സ്‌കില്‍ നേടിയെടുത്താല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാനാകും. ലോകത്ത് ഏറ്റവും ഡിമാന്റുള്ള 10 ജോലികള്‍ കണ്ടെത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡിന്നും ഐടി ഭീമനായ മൈക്രോസോഫ്റ്റും. 

690 മില്യണ്‍ പ്രൊഫഷണലുകളെയും 50 മില്യണ്‍ കമ്പനികളെയും 11 മില്യണ്‍ തൊഴിലവസരങ്ങളും 3600 സ്‌കില്ലുകളും വിശകലനം ചെയ്താണ് ഏറ്റവും ഡിമാന്റുള്ള ജോലികളും അതിന് ആവശ്യമായ സ്‌കില്ലുകളും ലിങ്ക്ഡിന്‍ കണ്ടെത്തിയത്. ഈ 10 ജോലികള്‍ ഇപ്പോള്‍ മാത്രം ഡിമാന്റുള്ളവയല്ല, അടുത്ത നാല് വര്‍ഷത്തേക്കെങ്കിലും കത്തിനില്‍ക്കാന്‍ സാധ്യതയുള്ളവയാണ്. ഇവയ്ക്ക് ആവശ്യമുള്ള സ്‌കില്ലുകള്‍ ഓണ്‍ലൈനിലൂടെ സ്വായത്തമാക്കാനാകും.

ടോപ്പ് 10 ജോലികള്‍

1. ഡിജിറ്റല്‍ മാര്‍ക്കറ്റര്‍
2. ഐടി സപ്പോര്‍ട്ട്/ ഹെല്‍പ്പ് ഡെസ്‌ക്
3. ഗ്രാഫിക് ഡിസൈനര്‍
4. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്
5. ഡാറ്റ അനലിസ്റ്റ്
6. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍
7. പ്രോജക്റ്റ് മാനേജര്‍
8. സെയ്ല്‍സ് റെപ്രസെന്റേറ്റീവ്
9. ഐടി അഡ്മിനിസ്‌ട്രേറ്റര്‍
10. കസ്റ്റമര്‍ സര്‍വീസ് സ്‌പെഷലിസ്റ്റ്

''കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ കഴിവുകള്‍ നേടിയെടുക്കാന്‍ സഹായിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കാന്‍ ആവശ്യമായ സ്‌കില്ലുകള്‍ നേടാനുള്ള പരിശീലനങ്ങളിലേക്ക് സൗജന്യമായ പ്രവേശനം ലഭ്യമാക്കുന്നതും ലോകമെമ്പാടുമുള്ള തൊഴിലന്വേഷകരെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതും വഴി ഞങ്ങളുടേതായ സംഭാവന ഇക്കാര്യത്തില്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.'' ലിങ്ക്ഡിന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ റയാന്‍ റോസ്ലാന്‍സ്‌കി ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഈ 10 ജോലികള്‍ക്ക് വേണ്ട സ്‌കില്ലുകള്‍ പരിശീലിപ്പിക്കുന്നതിന് ട്രെയ്‌നിംഗ് മൊഡ്യുളുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News