കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവ് അഞ്ചിരട്ടിയായി
2022ല്‍ ഇന്ത്യയിലെത്തിയത് 61 ലക്ഷത്തിലേറെ വിദേശികള്‍
കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യയുടെ വിനോദ സഞ്ചാരമേഖല അതിവേഗം കരകയറുന്നു. 2022ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം (ഫോറിന്‍ ടൂറിസ്റ്റ് അറൈവല്‍സ്/എഫ്.ടി.എ) 2021നേക്കാള്‍ 4 മടങ്ങ് വര്‍ദ്ധിച്ച് 61.9 ലക്ഷത്തിലെത്തിയെന്ന് ഇമിഗ്രേഷന്‍ ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കി. 2021ല്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശികള്‍ 15.2 ലക്ഷമായിരുന്നു.
അതേസമയം, സഞ്ചാരികളുടെ ഒഴുക്ക് കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് ഇനിയും തിരിച്ചെത്തിയിട്ടില്ല. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019ല്‍ 1.09 കോടി വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയിരുന്നു.
കേരളത്തിലും മികച്ച ഉണര്‍വ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം 2022ല്‍ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ 3.4 ലക്ഷം പേരാണ്. 2021നേക്കാള്‍ അഞ്ച് മടങ്ങ് അധികം. കൊവിഡിന് മുമ്പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. എന്നാല്‍, തിരിച്ചുകയറ്റം അതിവേഗമാണെന്നും ഈ വര്‍ഷമോ അടുത്തവര്‍ഷമോ സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ ഉയരുമെന്നാണ് കരുതുന്നതെന്നും ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നു.
Click Here To Read : അണിഞ്ഞൊരുങ്ങി കേരളം; ഇനി 'കല്യാണ ടൂറിസവും'
പരമ്പരാഗത ടൂറിസം ആകര്‍ഷണങ്ങളള്‍ക്ക് പുറമേ ഉത്തരവാദിത്വ ടൂറിസം, സാഹസിക ടൂറിസം, കാരവന്‍ ടൂറിസം, കല്യാണ ടൂറിസം തുടങ്ങിയ പുത്തന്‍ പദ്ധതികളിലൂടെ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ കൂടുതലായി ആകര്‍ഷിക്കാനുള്ള പരിശ്രമത്തിലാണ് കേരള ടൂറിസം. 2022ല്‍ കേരളം സന്ദര്‍ശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2021നേക്കാള്‍ 150 ശതമാനം വര്‍ദ്ധിച്ച് 1.8 കോടിയിലെത്തിയിരുന്നു.
വിദേശനാണ്യ വരുമാനത്തിലും വര്‍ദ്ധന
കൊവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞ വിദേശനാണ്യ വരുമാനവും സഞ്ചാരികളുടെ എണ്ണം ഉയര്‍ന്നതിന്റെ ചുവടുപിടിച്ച് കൂടുകയാണ്. 2022ല്‍ ഈയിനത്തില്‍ 1.34 ലക്ഷം കോടി രൂപയാണ് ഇന്ത്യ നേടിയത്. 2021ലെ 65,000 കോടി രൂപയേക്കാള്‍ 106 ശതമാനം അധികം. അതേസമയം, 2019ല്‍ ഇന്ത്യ വിദേശനാണ്യ വരുമാനമായി 2.11 ലക്ഷം കോടി രൂപ നേടിയിരുന്നു.