ദേശീയ പാതകളില്‍ ഭക്ഷണ ശാലകള്‍, ടോയ്‌ലറ്റുകൾ, ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ; ഹൈവേ അടിമുടി പരിഷ്‌കരിക്കാന്‍ 'ഹംസഫര്‍'
ദേശീയ പാതകളിലെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക പോളിസിയുടെ ലക്ഷ്യം
ഇന്ത്യയുടെ ദേശീയ പാതകളിലെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 'ഹംസഫര്‍' നയവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയ പാതകള്‍ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുക, എല്ലാവർക്കും സുഗമമായി സുരക്ഷിതമായി ഹൈവേകള്‍ ഉപയോഗിക്കാന്‍ സാധിക്കുക തുടങ്ങിയവ ഉറപ്പാക്കുകയാണ് നയത്തിന്റെ ഉദ്ദേശം.
ഹംസഫർ പോളിസിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്
- കൃത്യമായ ഇടവേളകളിൽ ദേശീയ പാതകളില്‍ ശുചിത്വമുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ടോയ്‌ലറ്റുകൾ സ്ഥാപിക്കും.
- ടോയ്‌ലറ്റുകൾ ഭിന്നശേഷി സൗഹൃദമാക്കും.
- പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈവേ ശൃംഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ നയത്തിൽ ഉൾപ്പെടുന്നു.
- സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ഇടവേളകളിൽ നിർത്തുന്ന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുമായി പെട്രോള്‍ പമ്പുകളിലും വിശ്രമകേന്ദ്രങ്ങളിലും മതിയായ പാർക്കിംഗ് സൗകര്യങ്ങൾ സ്ഥാപിക്കും.
- കൃത്യമായ ഇടവേളകളിൽ ഹൈവേകളിൽ റെസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും സ്ഥാപിക്കും. യാത്രക്കാർക്ക് അവരുടെ യാത്രകളിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- ട്രക്ക് ഡ്രൈവർമാർക്കും ദീർഘദൂര യാത്രകളിൽ വിശ്രമം ആവശ്യമുള്ളവർക്കും ഹ്രസ്വകാല താമസസൗകര്യം നൽകുന്നതിനായി പെട്രോള്‍ പമ്പുകളില്‍ ഡോർമിറ്ററികൾ ആരംഭിക്കും.
ഹംസഫർ നയം നടപ്പിലാക്കുന്നതിലൂടെ ദേശീയ പാത ശൃംഖല നവീകരിക്കാനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലക്ഷ്യമിടുന്നു.
ഹൈവേകളിൽ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് കുടുംബങ്ങൾക്കും വ്യക്തിഗത യാത്രക്കാർക്കും ദീർഘദൂര ഡ്രൈവർമാർക്കും ഒരുപോലെ യാത്ര കൂടുതൽ സുഖകരമാക്കാന്‍ സാധിക്കും. രാജ്യത്തുടനീളമുള്ള ഹൈവേകളില്‍ യാത്രാ സൗഹൃദ ശൃംഖല ഒരുക്കുകയാണ് നയത്തിന്റെ ഉദ്ദേശം.
ആധുനിക കാലത്തെ യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തുടനീളമുള്ള ഹൈവേകളില്‍ സുരക്ഷിത യാത്ര പ്രോത്‌സാഹിപ്പിക്കുന്നതിനും തക്ക വിധത്തിലാണ് നയരൂപകല്‍പന.