പുതിയൊരു ബിസിനസ് മേഖലയിലേക്ക് കൂടി ചുവടുവച്ച് അദാനി, കടമെടുക്കുന്നത് 6,071 കോടി

എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആണ് വായ്പ നല്‍കുന്നത്

Update:2022-06-27 16:15 IST

കോപ്പര്‍ (ചെമ്പ്) നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പ് (Adani Group). പ്രതിവര്‍ഷം ഒരു മില്യണ്‍ ടണ്‍ കോപ്പര്‍ ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള കച്ച് കോപ്പര്‍ ലിമിറ്റഡ് (Kutch Copper) ലക്ഷ്യമിടുന്നത്‌. രണ്ട് ഘട്ടമായാണ് പ്ലാന്റിന്റെ നിര്‍മാണം.

ഗുജറാത്തിലെ മുന്‍ദ്രയിലാണ് ഗ്രീന്‍ഫീല്‍ഡ് കോപ്പര്‍ റിഫൈനറി പ്രോജക്ട് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 500,000 ടണ്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പ് കടമെടുക്കുക 6,071 കോടി രൂപയാണ്. എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആണ് പണം വായ്പ നല്‍കുന്നത്. ബാങ്ക് ഓഫ് ബറോഡ, എക്‌സിം ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് അംഗങ്ങള്‍.

2024ല്‍ ആദ്യ ഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങും. ലോകത്തെ തന്നെ ഏറ്റവും വലിയ കോപ്പര്‍  പ്ലാന്റുകളില്‍ ഒന്നാവും അദാനിയുടേത്. 2021 മാര്‍ച്ചിലാണ് കച്ച് കോപ്പറിനെ അദാനി എന്റര്‍പ്രൈസസിന് കീഴിലാക്കിയത്. അദാനി പോര്‍ട്ട്‌സ് & എസ്ഇഎസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍ തുടങ്ങിയവ അദാനി എന്റര്‍പ്രൈസസിന് കീഴില്‍ ഇന്‍ക്യുബേറ്റ് ചെയ്ത സ്ഥാപനങ്ങളാണ്.

Tags:    

Similar News