കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് വീണ്ടും വിമാന വാഹിനിക്കപ്പല്‍ ഓര്‍ഡറിന് സാധ്യത, പ്രൊപ്പോസലുമായി നാവികസേന
കഴിഞ്ഞ ആറു മാസത്തിനിടെ ഓഹരി നല്‍കിയത് 130 ശതമാനത്തിലധികം നേട്ടം
കേന്ദ്ര പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് വീണ്ടുമൊരു വിമാന വാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡര്‍ കൂടി ലഭിച്ചേക്കും. തദ്ദേശീയമായി നിര്‍മിക്കുന്ന പുതിയ വിമാന വാഹനക്കപ്പലിനായുള്ള പ്രൊപ്പോസല്‍ ഇന്ത്യന്‍ നാവികസേന സര്‍ക്കാരിന് സമര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍ വരുന്ന പ്രൊപ്പോസല്‍ പ്രതിരോധ മന്ത്രാലയം അധികം വൈകാതെ ചര്‍ച്ച ചെയ്യും. തദ്ദേശീയ വിമാന വാഹിനി -2 (Indigenous Aircraft Carrier-2/ IAC-2) എന്നായിരിക്കും ഇത് അറിയപ്പെടുക. ഐ.എ.സി -2ന്റെ നിര്‍ണാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചാല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് (INS Vikrant) നിര്‍മിച്ച് നാവികസേനയ്ക്ക് കൈമാറിയത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക നാഴികകല്ലായിരുന്നു ഇത്.
തുടരെ ഓര്‍ഡറുകള്‍
നിരവധി ഓര്‍ഡറുകളാണ് അടുത്ത കുറച്ചു മാസങ്ങളിൽ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നാവികസേനയ്ക്കായി വരും തലമുറ മിസൈല്‍ വെസലുകള്‍ക്കുള്ള 10,000 കോടി രൂപയുടെ കരാര്‍ ലഭിച്ചു. പിന്നാലെ ലോകത്തെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസല്‍ നിര്‍മിക്കാനുളള 550 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ നോര്‍വേയില്‍ നിന്ന് ലഭിച്ചു. യുദ്ധക്കപ്പല്‍ നവീകരിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ ജൂണിലും ലഭിച്ചു.
കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം ഏകദേശം 21,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 304.71 കോടി രൂപയുടെ സംയോജിത ലാഭവും 2,571 കോടി രൂപയുടെ മൊത്ത വരുമാനവും കമ്പനി നേടിയിരുന്നു.
വികസന പ്രവര്‍ത്തനങ്ങളും
കൂടുതല്‍ ആഭ്യന്തര, വിദേശ ഓര്‍ഡറുകള്‍ ലഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെടുത്തുകയാണ് കമ്പനി. കൊച്ചിയിലെ പുതിയ ഡ്രൈ ഡോക്കിന്റെ (Dry Dock) നിര്‍മാണം പുരോഗമിക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായേക്കും. 1,799 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പ്രവര്‍ത്തനസജ്ജമായാല്‍ എല്‍.എന്‍.ജി വെസലുകള്‍, വിമാന വാഹിനികള്‍, ഡ്രില്‍ ഷിപ്പുകള്‍ തുടങ്ങിയവ ഇവിടെ കൈകാര്യം ചെയ്യാം.
കൂടാതെ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു.
നവരത്‌നയിലേക്ക്
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ പിന്‍ബലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഷെഡ്യൂള്‍-എ(Schedule A) പദവി സ്വന്തമാക്കിയിരുന്നു. അടുത്ത നാലു വര്‍ഷം പ്രവര്‍ത്തനത്തിലും ലാഭത്തിലും വരുമാനത്തിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചാല്‍ മിനി രത്‌ന കമ്പനിയില്‍ നിന്ന് നവരത്‌ന പദവിയിലേക്ക് ഉയരാനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് സാധിക്കും.
കഴിഞ്ഞ ആറു മാസത്തിനിടെ 130 ശതമാനത്തിലധികം നേട്ടം ഓഹരി ഉടമകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍. കഴിഞ്ഞ ഒരു മാസത്തിലെ ഓഹരിയുടെ നേട്ടം 26.30 ശതമാനത്തോളവും.