ഫ്‌ളിപ്കാര്‍ട്ടില്‍ 35 കോടി ഡോളറിന്റെ നിക്ഷേപവുമായി ഗൂഗ്ള്‍

സിംഗപ്പൂരില്‍ നിന്ന് പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റി ഐ.പി.ഒ നടത്താന്‍ ഒരുങ്ങുകയാണ് ഫിള്പ്കാര്‍ട്ട്

Update:2024-05-25 16:36 IST

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടില്‍ 35 കോടി ഡോളറിന്റെ നിക്ഷേപവുമായി ടെക്ഭീമനായ ഗൂഗ്ള്‍. ഇന്ത്യയിലെ ബിസിനസ് രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള ഗൂഗ്‌ളിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം. 3,600 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ് നിക്ഷേപ സമാഹരണം ഫ്‌ളിപ്കാര്‍ട്ട് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ വാള്‍മാര്‍ട്ട് 60 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ 95 കോടി ഡോളറിന്റെ നിക്ഷേപ സമാഹരണം പൂര്‍ത്തിയായി.

കമ്പനിയുടെ ക്വിക്ക് ഇ-കൊമേഴ്‌സ് ബിസിനസ് വിപുലപ്പെടുത്താനും അതേപോലെ ട്രാവല്‍ പോര്‍ട്ടലായ ക്ലിയര്‍ട്രിപ്, ഷോപ്‌സി എന്നിവയുടെ വിപുലീകരണത്തിനുമാകും പണം വിനിയോഗിക്കുക. ഷോപ്‌സിയുടെ മുഖ്യ എതിരാളികളിലൊന്നായ മീഷോ 50-60 കോടി ഡോളര്‍ സമാഹരണത്തിനൊരുങ്ങുന്നതാണ് ഫ്‌ളിപ്കാര്‍ട്ട് ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കാരണം. സിംഗപ്പൂരില്‍ നിന്ന് പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റി പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും ഫ്‌ളിപ്കാര്‍ട്ട് പദ്ധതിയിടുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് ആദ്യമായല്ല ഗൂഗ്‌ളുമായി സഹകരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ നിലവിലുള്ള ക്ലൗഡ് സര്‍വീസ് ദാതാവാണ് ഗൂഗ്ള്‍. ഇന്ത്യയില്‍ വിവിധ ഘട്ടങ്ങളിലായി 1,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് 2020ല്‍ ഗൂഗ്ള്‍ പ്രഖ്യാപിച്ചിരുന്നു.
Tags:    

Similar News