അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ലെന്ന് സെബി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സാവകാശം വേണമെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ആവശ്യവും സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കൂടുതല്‍ സമയം വേണം
അദാനി വിഷയത്തില്‍ സെബി തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഓഹരികള്‍ സംബന്ധിച്ച് അദാനി ഗ്രൂപ്പ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിവരങ്ങള്‍ ലഭിക്കാനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് സെബി പറഞ്ഞു. കൂടുതല്‍ സമയം ലഭിച്ചാലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്നും സെബി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 6 മാസം കൂടി നീട്ടി നല്‍കണമെന്ന സെബിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.
അന്വേഷണം ആവശ്യപ്പെട്ട് കോടതി
ജനുവരി 24-നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ വര്‍ധിപ്പിക്കാന്‍ വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് യു.എസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 413 പേജുള്ള മറുപടി പ്രസിദ്ധീകരിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഒരു ഘട്ടത്തില്‍ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 11,48,000 കോടി രൂപയുടെ (140 ബില്യണ്‍ യുഎസ് ഡോളര്‍) ഇടിവുണ്ടായി.
2023 മാര്‍ച്ച് 2 ന് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിക്കുകയും രണ്ട് മാസത്തിനകം അദാനി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാല്‍ സെബിയോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മെയ് ആദ്യ വാരം ഈ സമയപരിധി അവസാനിക്കാറായതോടെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തേക്ക് കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
തുടര്‍ന്ന് അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ ഏതെങ്കിലും നിഗമനത്തിലെത്താന്‍ സെബിക്ക് 6 മാസം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുമ്പ് സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം സമയം നീട്ടണമെന്ന ഹര്‍ജിയെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മെയ് 12ന് എതിര്‍ത്തു. മൂന്നു മാസം കൂടുതല്‍ നല്‍കാമെന്ന് കോടി അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണമായ വസ്തുതകളോ രേഖകളോ ഇല്ലാത്ത ഏതെങ്കിലും തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് അംഗീകരിക്കാനാവില്ലെന്ന് വാദിച്ച സെബി 6 മാസം അധികം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകായണ്.
ഹിന്‍ഡന്‍ബര്‍ഗിന് റിപ്പോര്‍ട്ട്
വഞ്ചന, അഴിമതി, ഓഹരി കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചതു മുതല്‍ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിച്ച അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി ചില വായ്പകള്‍ മുന്‍കൂട്ടി അടച്ചു തീര്‍ത്തു, മറ്റ് ചില വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്ക്കുമെന്ന് വാഗ്ദാനം നല്‍കി. കൂടാതെ ഏഷ്യയിലും യൂറോപ്പിലുടനീളവും റോഡ് ഷോകള്‍ നടത്തുകയും മറ്റും ചെയ്തിരുന്നു.