പ്രേരണ- അധ്യായം 21

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മ്മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് കത്തെഴുതിയ നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു. തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു.

മുംെബെയില്‍ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധിക ദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! കുടുംബ ബിസിനസ് പൊളിഞ്ഞു, ഒരു ജോലിക്കായി മുംെബെയിലെത്തി, ഓഹരി ബ്രോക്കിങ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് 'ജെ.എസ് മിഡാസ്'എന്ന പേരില്‍ ആരംഭിക്കുന്ന ഓഹരി ബ്രോക്കിങ് ബിസിനസ്. മൂലധനമില്ലാതെ ഇനി ഒരടി പോലും മുന്നോട്ടു പോകാനാവില്ല എന്ന ഘട്ടത്തില്‍ ഒരു രക്ഷകനെപ്പോലെ അവതരിച്ച വിജയ് അധികാരി എന്ന ഇന്‍വെസ്റ്ററുടെ കൈകളിലേക്ക് കമ്പനി എത്തുന്ന ഘട്ടത്തില്‍ കോട്ടയത്തു രജിസ്റ്റര്‍ ചെയ്ത 'സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ്' കമ്പനിയില്‍ മൂലധനമിറക്കാന്‍ സന്നദ്ധമാകുന്നു. കുറഞ്ഞ നാളുകള്‍ കൊണ്ട് മികച്ച വളര്‍ച്ച കൈവരിച്ച കമ്പനിയെ ദുബായ് ആസ്ഥാനമായുള്ള ജെബീബ് ബാങ്ക് സ്വന്തമാക്കുന്നു.
കുറഞ്ഞ മൂലധനവും തകര്‍ക്കാനാകാത്ത ഇച്ഛാ ശക്തിയുമായി രംഗത്ത് വന്ന് വിജയിച്ച ജീവന്‍ ജോര്‍ജ് എന്ന സംരംഭകനെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവസാന താളുകളില്‍ എഴുതിയ ആളിന് അത് കൃത്യമായി അവസാനിപ്പിക്കാനായില്ല എന്ന സൂചനകള്‍ ജീവന് കാണാനാകുന്നു. വായനക്കൊടുവില്‍, പേഴ്സണല്‍ അസിസ്റ്റന്റ് ആയി മുംബൈയില്‍ എത്തി തന്റെ കൂടി അഭ്യര്‍ത്ഥന പ്രകാരം പുസ്തക രചന നിര്‍വ്വഹിക്കുകയും, പിന്നീട് തന്റെ ജീവിതത്തിലേക്ക് തന്നെ ക്ഷണിക്കുകയും ചെയ്ത പ്രേരണയ്‌ക്കെന്തു സംഭവിച്ചെന്നുമറിയാതെ ജീവന്‍ കുഴങ്ങുന്നു. നഴ്സ് ആയ ഭാര്യ ആന്‍സി ജോലി കഴിഞ്ഞു തിരികെ വീട്ടില്‍ എത്തുമ്പോള്‍, അന്നാദ്യമായി പ്രേരണയെക്കുറിച്ചും, തന്റെ കഴിഞ്ഞ ദിവസത്തെ മുംബൈ യാത്ര ബിസിനസ് ആവശ്യത്തിനായിരുന്നില്ല അവളെക്കുറിച്ചു എന്തെങ്കിലും തുമ്പു ലഭിക്കുമോ എന്നറിയാനായിരുന്നെന്നും തുറന്ന് പറയുന്നു.
പഠനകാല പ്രണയത്തിനു ശേഷം ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടു തുരുത്തുകളിലായിപ്പോയ ജീവനെയും ആന്‍സിയെയും ഒന്നിപ്പിച്ചത് പ്രേരണ ആയിരുന്നെന്നും അവളില്‍ നിന്നാണ് ജീവന്റെ ഫോണ്‍ നമ്പര്‍ തനിക്കു ലഭിച്ചതെന്നും ആന്‍സി പറയുന്നു. സ്തബ്ധനായ ജീവന്‍, പെന്‍ഡ്രൈവിലെ കുറിപ്പുകള്‍ വായിക്കാന്‍ ആന്‍സിയോട് ആവശ്യപ്പെടുന്നു. വായനക്കൊടുവില്‍ ലഭിക്കുന്ന ചില സൂചനകളിലൂടെ ആന്‍സി ജെബീബ് ബാങ്കിന്റ ഇന്‍വെസ്റ്റ്മെന്റ് ഹെഡായ ബിനു സക്കറിയയുടെ ഭാര്യയായ ജെനിയാണ് പ്രേരണ എന്ന അപരനാമത്തില്‍ എത്തിയതെന്ന് തിരിച്ചറിയുന്നു. ജെനിയില്‍ നിന്ന് ലഭിക്കുന്ന ഒരു മെയ്ലിലൂടെ അവള്‍ എന്തിന് അവിടെ എത്തിയെന്നു ജീവന് വെളിവാകുന്നു. കമ്പനി കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍, സുഹൃത്തും മുന്‍കാല സഹപ്രവര്‍ത്തകനുമായ റോജിയിലൂടെ വളഞ്ഞ വഴിയില്‍ ബാങ്കില്‍ നിന്ന് സംഘടിപ്പിച്ച് സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റിലൂടെ കമ്പനിയില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന് കരുവാക്കിയത് കൊച്ചിന്‍ മലബാര്‍ ബാങ്കിന്റെ മാനേജരായ തന്റെ സഹോദരന്‍ ജോണ്‍കുട്ടിയെയാണെന്നും, സമ്മര്‍ദ്ദത്തിലൂടെ മനോനില പോലും തകരാറിലായ സഹോദരന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നറിയാനുള്ള അന്വേഷണമാണ് തന്നെ അവിടെ എത്തിച്ചതെന്നും, പ്രശ്നങ്ങളെല്ലാം തീര്‍ന്നു നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒരു കാര്‍ അപകടത്തില്‍ ജോണ്‍കുട്ടി മരിച്ചുവെന്നും പറഞ്ഞവസാനിപ്പിക്കുന്ന മെയ്ലിനൊടുവിലും ദുരൂഹത ബാക്കിയാവുന്നു. ജെനി പറയുന്നത് സത്യമെങ്കില്‍ മരണം കഴിഞ്ഞു നാളുകള്‍ക്കിപ്പുറം ഈ പെന്‍ഡ്രൈവ് എങ്ങനെ തന്റെ കയ്യിലെത്തി.
ജീവന്‍ പങ്കെടുത്ത ഒരു പ്രോഗ്രാമില്‍ കണ്ട മലയാളി ദമ്പതികള്‍ എന്ന് തോന്നിപ്പിച്ചവര്‍ക്ക് ബിസിനസ് കാര്‍ഡ് നല്‍കിയ ശേഷമാണ് തനിക്ക് കത്ത് ലഭിച്ചതെന്നോര്‍ത്തെടുക്കുന്ന ജീവന്‍ അയാളെ കണ്ടെത്തുന്നു. അയാളോടൊപ്പം അന്നുണ്ടായിരുന്നത് ജോണ്‍കുട്ടി വിവാഹം കഴിക്കാനാഗ്രഹിച്ച അയാളുടെ സഹോദരിയായ നിമ്മി ആയിരുന്നെന്നും അവള്‍ നാട്ടിലേക്കു മടങ്ങിയെന്നും ജോണ്‍കുട്ടിയില്‍ നിന്നു ലഭിച്ച പെന്‍ഡ്രൈവില്‍ ഒരു പുസ്തക രൂപത്തില്‍ തയ്യാറാക്കിയ കുറിപ്പുകളുടെ കവര്‍ പേജില്‍ നല്‍കിയിരിക്കുന്ന ഫോട്ടോയിലൂടെയാണ് ജീവനെ അന്നവള്‍ തിരിച്ചറിഞ്ഞതെന്നും അയാള്‍ പറഞ്ഞു. ജോണ്‍കുട്ടി തയ്യാറാക്കിയ ഈ പുസ്തകം നിങ്ങളിലെത്തിയാല്‍ പ്രസിദ്ധീകരിച്ചു കാണാനാവുമെന്ന നിമ്മിയുടെ വിശ്വസമാണ് ആ കുറിപ്പുകള്‍ നിങ്ങളിലെത്തിച്ചതെന്നു അയാള്‍ പറഞ്ഞു.
(തുടര്‍ന്ന് വായിക്കുക)
അധ്യായം 24
ആത്മകഥ
ഭക്ഷണം വെംബ്ലിയിലെ ശരവണ റെസ്റ്ററന്റില്‍ നിന്നാക്കാമെന്ന് പറഞ്ഞത് ആന്‍സിയാണ്. പുറത്തു പെയ്യുന്ന മഞ്ഞ്, കാഴ്ചകള്‍ അവ്യക്തമാക്കുന്നു. ഫ്ളാറ്റിനുള്ളില്‍ മഞ്ഞു പോലെ കുമിഞ്ഞു കൂടുന്ന ഏകാന്തത. ഡ്യൂട്ടി കഴിഞ്ഞ് ആന്‍സി എത്താന്‍ വൈകും എന്നറിയാമെങ്കിലും ഇറങ്ങി നടന്നു, ബസ് സ്റ്റോപ്പ് കാണാനാവുന്ന, ചില്ല് ജാലകത്തിനരികിലെ ഇരിപ്പിടം തിരഞ്ഞെടുത്തു. മെനു കാര്‍ഡുമായി ഓര്‍ഡര്‍ എടുക്കാന്‍ പെട്ടെന്ന് തന്നെ ആളെത്തി. ആന്‍സി വരുന്നത് വരെ സമയം കളയാന്‍ ഫില്‍ട്ടര്‍ കോഫി ധാരാളം.
കടലുകള്‍ക്കിപ്പുറം ഫില്‍ട്ടര്‍ കോഫി. രസമുകുളങ്ങളില്‍ ഓര്‍മ്മകളുടെ രുചി.
മറ്റെന്തെങ്കിലും വേണോ എന്ന ചോദ്യത്തിലാണ് ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചെറുപ്പക്കാരന്‍ മലയാളി എന്ന് തിരിച്ചറിയുന്നത്. താനൊരു മലയാളിയാണെന്ന് ഒരക്ഷരമുരിയാടാതെ അവന്‍ വായിച്ചെടുത്തിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്, മാട്ടുംഗയില്‍, ഫില്‍ട്ടര്‍ കോഫിയുടെ സുഗന്ധത്തില്‍, ഒരു കപ്പ് കാപ്പിക്കപ്പുറം കണ്ട റോജിയെ ഓര്‍ത്തു. ശമ്പളത്തില്‍ ചെറിയ ഉയര്‍ച്ച ലഭിക്കുമ്പോള്‍ ജോലി മാറിക്കൊണ്ടിരുന്നയാളെ ലക്ഷയര്‍ ഇംപെക്‌സിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മാര്‍വാഡിയെക്കൊണ്ടു സമ്മതിപ്പിക്കാനാകും എന്ന ബോധ്യമുണ്ടായിരുന്നു. റോജിയുടെ വീട്ടിലെ പ്രാരാബ്ധങ്ങളില്‍ അലിഞ്ഞ മനസല്ല, അയാളുടെ ചടുലമായ സംഭാഷണവും, കണ്ണുകളിലെ തീക്ഷ്ണതയുമാണ് അന്ന് അതിനു പ്രേരിപ്പിച്ചത്.
ഒടുവില്‍ ലക്ഷയര്‍ ഇംപെക്‌സിന്റെ പടിയിറങ്ങുമ്പോള്‍ നിറ കണ്ണുകളോടെ വിട പറഞ്ഞ റോജിയെ വീണ്ടും കാണുന്നത് അധികാരി അനുവദിച്ച രണ്ടാഴ്ച സമയത്തിനുള്ളില്‍ നിക്ഷേപകരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെയാണ്. രണ്ടു മാസത്തേക്ക് രണ്ടു കോടി നിക്ഷേപിക്കാന്‍ ഒരാളെ കണ്ടെത്തിയാല്‍ കമ്പനി കയ്യില്‍ നിന്ന് പോകില്ലെന്ന് പറഞ്ഞപ്പോള്‍ റോജിക്ക് അറിയേണ്ടത് ഇക്കാലയളവില്‍ നിക്ഷേപകരെ കണ്ടെത്താനാവുമോ എന്നതായിരുന്നു. എവിടെ നിന്നോ ലഭിച്ച ആത്മവിശ്വാസത്തില്‍ അതിനാകുമെന്നറിയിച്ചപ്പോള്‍ റോജി പറഞ്ഞ മാര്‍ഗം!
ഖാര്‍ഗറില്‍ ഫ്ളാറ്റു വാങ്ങാന്‍ വേണ്ടി വന്ന മാര്‍ജിന്‍ തുകയുടെ ഒരു ഭാഗം റോജി അന്ന് സംഘടിപ്പിച്ചു തന്നത് മാര്‍വാഡിയൂടെ സ്ഥിരനിക്ഷേപത്തിന്റെ ഈടിന്‍ മേല്‍ അയാള്‍ പോലും അറിയാതെ ആണെന്നറിഞ്ഞ് അമ്പരന്നു. ആ ലോണ്‍ തിരിച്ചടച്ചു കഴിഞ്ഞുവെന്ന് ലാഘവത്തോടെ പറയുമ്പോള്‍, രണ്ടു മാസങ്ങളില്‍ ഇവിടെയും അത് ആവര്‍ത്തിക്കാനാവുമെന്ന വിശ്വാസം!
മൂന്നു മാസങ്ങള്‍ക്കൊടുവിലും ലോണ്‍ തുക തിരിച്ചടക്കാനാകാതെ വന്ന മാനസിക സംഘര്‍ഷത്തില്‍ മുംബൈയില്‍ നിന്നും പോകയാണെന്നു പറഞ്ഞ റോജി. കമ്പനിയില്‍ ഡയറക്ടര്‍ ആയി റോജിയെ കൊണ്ട് വന്നത് നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമം നേരില്‍ കാട്ടി ബോധ്യപ്പെടുത്തി മാനസികമായി ശക്തിപ്പെടുത്താനായിരുന്നു.
സാധാരണക്കാരന്റെ മൂലധനം അവന്റെ ജീവിത സാഹചര്യങ്ങളിലെ നിരീക്ഷണങ്ങളില്‍ നിന്ന് വാറ്റിയുണ്ടാക്കിയ മൂല്യബോധമാണ്. എന്തിനാവും ജോണ്‍കുട്ടിയെ കണ്ടു റോജി ക്ഷമാപണം നടത്തിയിരിക്കുക. ഒരു പാവം മനുഷ്യനെ പറ്റിച്ചതിലുള്ള കുറ്റ ബോധം, ആത്മനിന്ദ, അതോ ഇത് രണ്ടും കൂടിയോ!.
മഞ്ഞു മൂടിയിട്ടുണ്ടെങ്കിലും ജാലക ചില്ലിലൂടെ ആന്‍സി ബസ് ഇറങ്ങുന്നത് കാണാം. അടുപ്പിച്ചു വന്ന ഡ്യൂട്ടിയുടെ ക്ഷീണം നടത്തത്തില്‍ തിരിച്ചറിയാനാകുന്നുണ്ട്. അഭിമുഖമായി ഇരുന്നു കൊണ്ട് ആന്‍സി ചോദിച്ചത് ജെ.എസ് മിഡാസ് ഡയറക്ടര്‍ ആയ റോജിയെക്കുറിച്ചായിരുന്നു.
''റോജി ഇപ്പോഴെവിടാണെന്നാണോ അറിയേണ്ടത്?''
മെയ്ല്‍ ബോക്സില്‍ ജെ.എസ് പ്രോപ്പര്‍ട്ടീസില്‍ നിന്ന് ലഭിച്ച ഇമെയ്ല്‍ ആന്‍സിയെ കാട്ടി. മൂന്നാറിലെ പ്രോപ്പര്‍ട്ടിക്കരികില്‍ റിസോര്‍ട്ടിന് പറ്റിയ ഒരിടം ഇടനിലക്കാരില്ലാതെ ലഭിച്ചേക്കും എന്ന റോജിയുടെ അറിയിപ്പ് വായിച്ചു ആന്‍സി പുഞ്ചിരിച്ചു. ചെറുപ്പക്കാരന്‍ വീണ്ടും മെനു കാര്‍ഡുമായി എത്തിയെങ്കിലും പറയാം എന്ന ആംഗ്യത്തില്‍ പിന്തിരിഞ്ഞു.
''വിക്ടോറിയന്‍ മലയാളിയില്‍ എഴുതി തുടങ്ങും വരെയുള്ള ഇടവേളയില്‍ അനാമിക എന്താ എഴുതാതിരുന്നേ?'' ആന്‍സിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ അല്‍പ സമയമെടുക്കേണ്ടി വന്നു. ''നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കും മുന്‍പ്
തീര്‍ക്കേണ്ട ലോണ്‍ ബാധ്യത, നാളുകള്‍ അടുത്തു വരുന്നതനുസരിച്ചു ഏറുന്ന സമ്മര്‍ദ്ദം... ഓഹരി പങ്കാളിത്തത്തിനായി നിക്ഷേപകരെ കണ്ടെത്താനായില്ലെങ്കില്‍ പണി പാളുമെന്നുറപ്പായിരുന്നു. അത്‌കൊണ്ട് പൂര്‍ണ ശ്രദ്ധ അങ്ങോട്ടേക്കായി''.
ജോണ്‍കുട്ടിയുടെ ദുര്യോഗത്തെക്കുറിച്ചും നിമ്മിയിലൂടെ എത്തിച്ചേര്‍ന്ന പെന്‍ഡ്രൈവിനെക്കുറിച്ചും പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ഓര്‍ഡര്‍ എടുക്കാന്‍ ചെറുപ്പക്കാരന്‍ വീണ്ടും എത്തി. ആന്‍സിയുടെ കുശലാന്വേഷണത്തില്‍ അവന്‍ സ്വയം പരിചയപ്പെടുത്തി.
നാട്ടില്‍ നിന്ന് ലണ്ടനില്‍ എംബിഎ പഠനത്തിനായി എത്തിയതാണ്. ആദ്യ വര്‍ഷ ട്യൂഷന്‍ ഫീസിനു മാത്രമാണ് വീട്ടുകാരെ ബുദ്ധിമുട്ടിച്ചതെന്നു പറയുമ്പോള്‍ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു.
ഓര്‍ഡര്‍ എടുത്ത് അവന്‍ പോയി.
മനസിന്റെ വിങ്ങല്‍.
''നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍, മനഃപൂര്‍വ്വം ആരെയും കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കാതെ ചെയ്ത ചില കാര്യങ്ങള്‍. അത് ഇങ്ങനയൊക്കെ ആവുമെന്നാരറിഞ്ഞു.''
ആന്‍സി പുഞ്ചിരിച്ചു കൊണ്ട് കൈകളില്‍ പിടിച്ചു.
''തികച്ചും സാധാരണമായി പോകുന്ന നമ്മുടെയൊക്കെ ജീവിതത്തില്‍ ചില അസാധാരണ നിമിഷങ്ങള്‍ തന്ന് ദൈവം ഞെട്ടിക്കാറില്ലേ. എല്ലാ ജീവിതങ്ങളിലും ഇത്തരത്തില്‍ ചിലതൊക്ക സംഭവിക്കാറുണ്ട്..... ഇതും അങ്ങനെ കണ്ടാ മതി.'' ''ജോണ്‍കുട്ടിയുടെ വിധി. മറ്റാരാണ് ഇവിടെ കുഴപ്പത്തില്‍ ചാടിയത്. ഊഷ്മളത കളഞ്ഞുപോയ നമ്മുടെ ബന്ധത്തിലേക്കുള്ള മടക്കയാത്രയുടെ കാരണവും ഇതായിരുന്നില്ലേ. ജെ.എസ് മിഡാസ് എന്ന സ്ഥാപനത്തില്‍ സുധീര്‍ ഉള്‍പ്പെടെ ഇന്നും എത്രയോ പേര്‍ ജോലി ചെയ്യുന്നു, എത്രയോ കുടുംബങ്ങള്‍ മുന്നോട്ടു പോകുന്നു.''
ആന്‍സിയുടെ കണ്ണുകളിലേക്കു അവിശ്വസനീയതയോടെ നോക്കി.''ഇപ്പോ ഇവിടെ വന്ന പയ്യനെ ശ്രദ്ധിച്ചോ! ആദ്യ വര്‍ഷ ഫീസിന് ശേഷം പിന്നീട് വീട്ടുകാരെ പണത്തിനായി ആശ്രയിക്കേണ്ടി വന്നിട്ടില്ലെന്ന് തമിഴ്‌നാട്ടില്‍ ആരംഭിച്ച ഒരു ചെറിയ പ്രസ്ഥാനം വളര്‍ന്നു ലണ്ടന്‍ വരെ എത്തിയത് കൊണ്ടല്ലേ അവനത് സാധിച്ചത്.''
''ജോലി ചെയ്യാമെന്നല്ലാതെ, ഒരാള്‍ക്ക് ജോലി കൊടുക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സാധിക്കില്ല. ഇനി ജീവനോടൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?'' അത്ഭുതത്തോടെ ആന്‍സിയെ നോക്കി തലയാട്ടി.
''വല്യ ശമ്പളമൊക്കെയാണെങ്കിലും ഇവിടുത്ത ജോലിയില്‍ ജീവന്‍ സംതൃപ്തനാണോ?''നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയതു കണ്ട് ആന്‍സി ചിരിച്ചു. ''അതാ സത്യം... മൂന്നാറിലെ റിസോര്‍ട്ടിനെക്കുറിച്ചുള്ള നീക്കങ്ങള്‍ പുരോഗമിക്കട്ടെ... ഞാനും ഒരു
ബ്രേക്കിന് റെഡിയാ... കുറച്ചു നാള്‍ നാട്ടില്‍....!''
പയ്യന്‍ ഓര്‍ഡര്‍ എടുക്കാനെത്തി. മെനു കാര്‍ഡ് വാങ്ങി ഊത്തപ്പത്തിന് ആന്‍സി തന്നെ ഓര്‍ഡര്‍ കൊടുത്തു.''ഒന്നൂടെ ചോദിക്കട്ടെ.... അനാമികയുടെ എഡിറ്റിംഗ് നടത്തി ഈ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചൂടെ?''
''ഇനി ഇവയ്‌ക്കെന്ത് പ്രസക്തി. ജീവന്‍ ജോര്‍ജ് ഇന്ന് കമ്പനി മേധാവി അല്ല, പത്രങ്ങളിലോ ടി വി ചാനലുകളിലോ അഭിമുഖത്തിനായി വരാറുമില്ല.''
''അങ്ങനൊരു പുസ്തകമല്ല ഞാനുദ്ദേശിച്ചേ...
ബാക്കിയുള്ള സംഭവങ്ങള്‍ കൂടി ചേര്‍ത്താല്‍ ഒരു നോവലിന് സാധ്യത?..''
''വിജയിച്ച സംരംഭകരെപ്പറ്റിയുള്ള പുസ്തകങ്ങള്‍ക്കിന്നു വല്യ ഡിമാന്‍ഡാ... ജെനിയുടെ കുറിപ്പുകള്‍ അത് പോലെ അവിടെ ചേര്‍ക്കാം''
''അങ്ങനെ ചേര്‍ക്കാനാവില്ല ആന്‍സി, സൂക്ഷ്മതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ചു എന്ന് പറയുമ്പോഴും അവള്‍ എഴുതാതെ പോയ ചിലതുണ്ട്.
വിജയിച്ച ഓരോ സംരംഭകനിലുമുള്ള ശുഭാപ്തി വിശ്വാസം. ബിസിനസില്‍ വിജയിച്ചവരുടെ ജീവിതം പരിശോധിച്ചാല്‍, ഒന്നല്ല ഒട്ടേറെ തിരിച്ചടികള്‍ ജീവിതത്തില്‍ നേരിട്ടവരാണ് അവരെന്നു കാണാം. തളരാതെ വീണ്ടും പൊരുതാനുള്ള ഊര്‍ജ്ജം അവരില്‍ അവശേഷിച്ചുവെങ്കില്‍ അതിന്റെ കാരണം കടുത്ത ഈ ശുഭ പ്രതീക്ഷ ഒന്ന് മാത്രമാണ്.''
ഊത്തപ്പം എത്തി. പ്ലേറ്റില്‍ ചട്ണി പകരുമ്പോള്‍ ആന്‍സിയെ നോക്കി. ''പല തവണ ശ്രമിച്ച് പരാജയപ്പെട്ടൂ ഒരു ഇന്‍വെസ്റ്ററെ കിട്ടാന്‍. സാധാരണ തളര്‍ന്നു പോകണ്ടതാ.... അപ്പോഴും മികച്ചൊരു സ്ഥാപനത്തെയോ നിക്ഷേപകനെയോ കമ്പനിയുടെ ഓഹരിപങ്കാളിത്തത്തിനായി കണ്ടെത്താനാവുമെന്നു ഞാന്‍ വിശ്വസിച്ചു.''
''അപ്പോ അതൂടെ അങ്ങ് ചേര്‍ത്തോ''- ഊത്തപ്പം വായിലാക്കിക്കൊണ്ടാണ് ആന്‍സി പറഞ്ഞത്.
''അപ്പഴും ഒരു പ്രശ്നമുണ്ട്.''
ചോദ്യ ഭാവത്തില്‍ ആന്‍സി നോക്കി .
''ചില ആത്മകഥകളിലോ ആത്മകഥാംശം ഉണ്ടെന്നു പറയുന്ന കഥകളിലോ വായനക്കാര്‍ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. കഥാനായകന്‍ സ്വയം ചാര്‍ത്തുന്നതോ എഴുതിക്കൊടുക്കുന്നയാളിലൂടെ ചാര്‍ത്തുന്നതോ ആയ ഒരു നായക പരിവേഷം. ഇതൊരു പുസ്തകമായാല്‍ ജീവന്‍ ജോര്‍ജ്ജിനെ വായനക്കാര്‍ എങ്ങനെയാവും അടയാളപ്പെടുത്തുക?''
''എങ്ങനെ അടയാളപ്പെടുത്തിയാലെന്ത്? നായകന്‍ അംഗീകരിക്കപ്പെടണമെങ്കില്‍ സല്‍ഗുണ സമ്പന്നനാവണമെന്ന ചിന്ത കളഞ്ഞേക്ക്. കള്ളനും പിടിച്ചു പറിക്കാരനും ശരീരം വിറ്റു ജീവിക്കുന്നവരുടേയുമൊക്കെ ആത്മകഥകള്‍ വായനക്കാര്‍ സ്വീകരിക്കുന്നില്ലേ, അതില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്നു തിരിച്ചറിയുന്ന കൊണ്ടാ അത്!''
''പക്ഷേ ഇത് അത്തരം ഗണത്തിലും പെടില്ല?''
ആന്‍സിയുടെ മറുപടി പെട്ടെന്ന് വന്നു
''ഇതൊരു പരീക്ഷണമാവട്ടെ, പ്രലോഭനങ്ങളില്‍ വീണു പോയ, പരീക്ഷകളിലും പരീക്ഷണങ്ങളിലുമൊക്കെ തോറ്റു പോയ സാധാരണ മനുഷ്യരെയും പൊതുജനങ്ങള്‍ വായിക്കുമോ എന്നറിയണമല്ലോ... എന്ന് മാത്രമല്ല വിജയിച്ച പല സംരംഭകരും കടന്നു വന്നത് ഇത്തരം പരീക്ഷണങ്ങളിലൂടെ ആയിരുന്നല്ലോ......''
നിമ്മി ആഗ്രഹിച്ചത് പോലെ, ഇതു പ്രസിദ്ധീകരിക്കുന്നതിന് ധൈര്യം ലഭിച്ചത് ആന്‍സിയുടെ ആ ചോദ്യത്തിലൂടെയാണ്.
ചില സത്യങ്ങള്‍ കാലത്തിനൊപ്പം മാത്രം ചുരുള്‍ നിവരുന്നതാണ്. അത് വരെ ജോണ്‍കുട്ടി എഴുതിയ കുറിപ്പുകള്‍ എന്ന നിമ്മിയുടെ വിശ്വാസം അത് പോലെ തുടരട്ടെ.

Read More:

പ്രേരണ- അധ്യായം-20

Related Articles
Next Story
Videos
Share it