പ്രേരണ; അധ്യായം-19

ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന വായനക്കാരെ ത്രസിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ബിസിനസ് നോവല്‍ 'പ്രേരണ'ധനം ഓണ്‍ലൈനില്‍ വായിക്കാം.

Update:2021-11-06 17:38 IST

ചില സൂചനകള്‍ അടങ്ങുന്ന ഒരു കത്തിനെ പിന്തുടര്‍ന്ന് ലണ്ടനില്‍ നിന്നും മുംബൈയില്‍ എത്തുന്ന ജീവന്‍ ജോര്‍ജ്. മുംബൈയിലെ തിരക്കേറിയ ട്രെയിന്‍ യാത്രയില്‍ കത്ത് നഷ്ടമാകുന്നെങ്കിലും ഓര്‍മിച്ചെടുക്കുന്ന മേല്‍വിലാസത്തില്‍ കൃത്യമായി ലേഡീസ് ഹോസ്റ്റലില്‍ എത്തിച്ചേര്‍ന്ന ജീവന് നിമ്മിയെ കാണാനാവുന്നില്ല. തിരികെ ഹോട്ടലില്‍ എത്തുന്ന ജീവന് ഒരു പെന്‍ഡ്രൈവ് റിസെപ്ഷനിസ്റ്റില്‍ നിന്ന് ലഭിക്കുന്നെങ്കിലും അത് നല്‍കിയ ആളെ കാണാനാവാതെ പിറ്റേന്ന് ലണ്ടനിലേക്ക് മടങ്ങേണ്ടി വരുന്നു.

തിരികെ ഫ്ളാറ്റിലെത്തി പെന്‍ഡ്രൈവിലെ ഫയല്‍ തുറക്കുന്ന ജീവന്‍ തന്നെക്കുറിച്ചെന്നോണം രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ കാണുന്നു. മുംബൈയിലെ തന്റെ പേഴ്സണല്‍ അസിസ്റ്റന്റായി എത്തി പുസ്തക രചന എന്ന അധികദൗത്യം കൂടി ഏറ്റെടുത്തു, ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അപ്രത്യക്ഷയായ പ്രേരണ എന്ന പെണ്‍കുട്ടിയിലൂടെ എഴുതപ്പെട്ട പുസ്തകം! ജോലിക്കായി മുംബൈയിലെത്തി, ഓഹരി ബ്രോക്കിംഗ് ബിസിനസിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു, ആ മേഖലയില്‍ അനുഭവസമ്പത്തുള്ള സുധീറുമൊത്ത് ഫ്രാഞ്ചൈസി ബിസിനസിലൂടെ ആരംഭിച്ചു കമ്പനിയായി രൂപഭേദം വന്ന ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗ് എന്ന തന്റെ ബിസിനസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വായിച്ചു ജീവന്‍ അത്ഭുതപ്പെടുന്നു.
മൂലധനമില്ലാതെ ഇനി ഒരടി പോലും മുന്നോട്ടു പോകാനാവില്ല എന്ന ഘട്ടത്തില്‍ ഒരു രക്ഷകനെപോലെ അവതരിച്ച വിജയ് അധികാരി എന്ന ഇന്‍വെസ്റ്ററുടെ കൈകളിലേക്ക് കമ്പനി എത്തും മുന്‍പ് കോട്ടയത്തു രജിസ്റ്റര്‍ ചെയ്ത സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റ് കമ്പനിയില്‍ മൂലധനമിറക്കാന്‍ സന്നദ്ധമാകുന്നു. അധികാരിയുടെ എതിര്‍പ്പിനെ അവഗണിച്ച് ആരംഭിക്കുന്ന ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഒരു പരാജയമാണെന്ന് തിരിച്ചറിയുന്ന ഘട്ടത്തില്‍ ഈ ഫ്രാഞ്ചൈസികള്‍ കമ്പനിയുടെ ബ്രാഞ്ചുകളായി മാറ്റുവാനും ഫ്രാഞ്ചെസി ഉടമകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കിയ തുകക്ക് ആനുപാതികമായി ഓഹരികള്‍ നല്‍കാനും തീരുമാനമാകുന്നു. പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയ ജെ.എസ് മിഡാസിനെ ഏറ്റെടുക്കാന്‍ ദുബായ് ആസ്ഥാനമായ ജെബീബ് ബാങ്ക് രംഗത്തു വരുന്നു.
ശക്തരായ ജീവനെയും സ്റ്റോണ്‍ കോര്‍ട്ട് ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന റോജിയെയും എതിര്‍ക്കാന്‍ അധികാരി ദുര്‍ബലമായി ശ്രമിക്കുന്നുണ്ടെങ്കിലും, മികച്ച വില നല്‍കി കമ്പനിയുടെ എഴുപത്തി നാല് ശതമാനം ഓഹരികള്‍ ബാങ്ക് സ്വന്തമാക്കുന്നു. കുറഞ്ഞ മൂലധനവും ഇച്ഛാശക്തിയുമായി രംഗത്ത് വന്ന വിജയിച്ച ജീവന്‍ ജോര്‍ജ് എന്ന സംരംഭകനെക്കുറിച്ചുള്ള പുസ്തകത്തിന്റെ അവസാന താളുകളില്‍ എഴുത്തിന്റെ ശൈലിയില്‍ വന്ന വ്യതിയാനം ജീവനെ അത്ഭുതപ്പെടുത്തുന്നു. തുടര്‍ന്ന് പ്രേരണ ആരാണെന്നറിയാനുള്ള അന്വേഷണത്തിലായി ജീവന്‍...
(തുടര്‍ന്ന് വായിക്കുക)
അദ്ധ്യായം -22
ട്രസ്റ്റ്
മൊബൈലില്‍ തന്നെ മെയില്‍ ബോക്സ് തുറന്നു. മലയാളത്തിലുള്ള വരികള്‍!
ANCY
to Me
May 28, 11.31 PM
Please see the mail.
þForwarded messageþ
From:Jeny J
Date:Thu, 28 May 2015, 7.24 pm
Subject:FW: Jeny
To: പെട്ടെന്നൊരു മറുപടി ഫോണില്‍ കൂടി നല്‍കാനാവാഞ്ഞതിനാലാണ് ഈ ഇ -മെയില്‍ എഴുതുന്നത്. ഒരുപാട് ആലോചനകള്‍ക്ക് ശേഷവും ഈ മെയില്‍ എങ്ങനെ ഡ്രാഫ്റ്റ് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ്. ആ ആശയക്കുഴപ്പത്തിന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ സഹോദരനില്‍നിന്ന് തുടങ്ങുന്നതാവും നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലേക്ക് പെട്ടെന്നെത്തിച്ചേരാനാവുക എന്ന് തിരിച്ചറിയുന്നു.
ജേര്‍ണലിസം കഴിഞ്ഞു എറണാകുളത്ത് സബ് എഡിറ്റര്‍ ആയി ജോലി ചെയ്തുവന്നിരുന്ന നാളുകള്‍. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട എനിക്ക് അവര്‍ രണ്ടു പേരുമായിരുന്ന ചേട്ടന്‍. തൃശ്ശൂരില്‍ നിന്ന് സ്ഥലം മാറ്റമായി മുംബൈയ്ക്ക് പോയ ശേഷവും ഏതാണ്ട് എല്ലാ മാസവും മുടങ്ങാതെ ചേട്ടന്‍ നാട്ടില്‍ വന്നിരുന്നത് ഞാന്‍ തനിച്ചല്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു.
ഒരു ശനിയാഴ്ച തൃശ്ശൂരുള്ള വീട്ടില്‍ ചെന്ന ഞാന്‍ അവിചാരിതമായി ചേട്ടനെ കണ്ടു. വരവ് നേരത്തേ അറിയിച്ച്, എന്റെ സാന്നിധ്യം കൂടി ഉറപ്പാക്കിയതിനുശേഷം മാത്രം വന്നിരുന്നയാളെ പൊടുന്നനെ വീട്ടില്‍ കണ്ട മാത്രയില്‍ പന്തികേട് മണത്തു. കണ്ണുകളിലെ നിസംഗതയും, സംസാരമില്ലായ്മയും കാര്യമായ അപകടം സംഭവിച്ചിരിക്കുന്നുവെന്നു വ്യക്തമാക്കി. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പലവുരു ശ്രമിച്ചു. അപ്പോഴൊക്കെ നിസംഗതയോടെ വിദൂരതയില്‍ ദൃഷ്ടി പതിപ്പിച്ച ചേട്ടന്‍ ഭീതി വളര്‍ത്തി. ഒരാഴ്ച ഓഫീസില്‍ അവധി പറഞ്ഞു. തികച്ചും പരിതാപകരമായ അവസ്ഥയിലേക്കെത്തിയ മൂന്നാം നാള്‍, എന്തും വരട്ടെയെന്നു കരുതി നിര്‍ബന്ധപൂര്‍വ്വം എന്താണ് സംഭവിച്ചതെന്നറിയണമെന്ന് ഞാന്‍ വാശി പിടിച്ചു.
ആദ്യം പ്രതികരിക്കാതിരുന്നയാള്‍ പൊട്ടിത്തെറിച്ചത് പൊടുന്നനെയാണ്. ഒടുവില്‍, എന്തോ പരതുന്ന വ്യഗ്രതയ്ക്കൊടുവില്‍ ഗുളിക കഴിച്ച് കട്ടിലിലേക്കു ചരിഞ്ഞ് കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. താളം തെറ്റിയ മനസ് ഉറക്കത്തിലൂടെ വിശ്രമം തുടങ്ങി എന്നു ബോധ്യമായപ്പോഴാണ് അലങ്കോലപ്പെട്ട മുറി അടുക്കാന്‍ ശ്രമം നടത്തിയത്. കൊച്ചിന്‍ മലബാര്‍ ബാങ്കിന്റെ, മുംബൈയിലെ ഫോര്‍ട്ട് ശാഖയില്‍ സ്ഥാനക്കയറ്റത്തോടെ സീനിയര്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ച ജോണ്‍കുട്ടിക്ക് സംഭവിച്ചതെന്തെന്ന് അറിയാന്‍ തുണയായത് ചേട്ടന്റ തന്നെ ഡയറി! ഹൃസ്വമെങ്കിലും കാര്യങ്ങള്‍ മനസിലാക്കുവാനുതകും വിധം കൃത്യമായി കോറിയിട്ട വരികള്‍.
''ബാങ്കിന്റെ ഉന്നതാധികാരികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന മുംബൈ ശാഖ.
ചാര്‍ജെടുത്ത ആദ്യമാസം രണ്ടരക്കോടിയുടെ ബിസിനസ് ലോണ്‍ ഒരു ദേശസാല്‍കൃത ബാങ്ക് മെച്ചപ്പെട്ട പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ടേക്ക് ഓവര്‍ ചെയ്തു. നാലു കോടി രൂപയുടെ ബിസിനസ് വായ്പ അനുവദിച്ചിട്ടുള്ള ഒരു ടെക്‌സ്റ്റൈല്‍ മൊത്ത വ്യാപാരി, ബ്രാഞ്ചില്‍ നിന്നും അനധികൃതമായി തരപ്പെടുത്തിക്കൊണ്ടിരുന്ന ചെക്ക് ഡിസ്‌കൗണ്ടിംഗ്് സൗകര്യം ചേട്ടന്‍ നിഷേധിച്ചതിന്റെ പേരില്‍ മറ്റൊരു ബാങ്കിലേക്ക് മാറി. ചുരുക്കത്തില്‍ ഈ രണ്ട് അക്കൗണ്ടുകളടക്കം ബ്രാഞ്ചിന്റെ ബിസിനസില്‍ എട്ടരക്കോടി രൂപയുടെ ഇടിവ്.
ഈ ശാഖയും പൂട്ടി താക്കോലുമായി വരാനാണോ മുംബൈയ്ക്കു വിട്ടത് എന്ന മേലധികാരികളുടെ പരിഹാസം കലര്‍ന്ന ചോദ്യങ്ങള്‍.
ബിസിനസ് ഒന്നു കരകയറ്റുന്നതെങ്ങനെ എന്നറിയാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷയര്‍ ഇംപെക്‌സില്‍ നിന്നും റോജി എത്തുന്നത്.
അന്യ നാട്ടിലെ മലയാളി എന്ന പരിഗണനയില്‍ ട്രെയിന്‍ യാത്രയില്‍ മൊട്ടിട്ട സൗഹൃദം. നിങ്ങളുടെ കമ്പനിയുടെ എന്തെങ്കിലും ബിസിനസ് ബാങ്കിന് തന്നുകൂടെ എന്ന ചോദ്യമാണത്രേ അയാളെ അവിടെ എത്തിച്ചത്.
അച്ഛനൊപ്പം മകനും ഡയറക്ടറായുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍, ഫിനാന്‍സ് ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്യുന്ന റോജിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മകനാണ് ഒരു സ്ഥിര നിക്ഷേപം ഈ ബാങ്കില്‍ തുടങ്ങാന്‍ സമ്മതിച്ചതെന്നാണ് അന്ന് അയാള്‍ പറഞ്ഞത്. നാലു കോടി രൂപയുടെ ചെക്കുമായാണ് റോജി പിന്നീട് എത്തുന്നത്.
ഒരിക്കല്‍ നേരിട്ടു കണ്ടാല്‍ എം.ഡിയെ സ്വാധീനിക്കാമെന്നു ചേട്ടന്‍ കരുതി. എം.ഡിയുടെ സമയം തരികയാണെങ്കില്‍ വന്നു കാണാമെന്നു അയാളോട് പറഞ്ഞതും അത് കൊണ്ടായിരുന്നു. ബാങ്കുകാരെ കാണാന്‍ എം.ഡി കൂട്ടാക്കാറില്ലെന്നും വരവ് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുകയെന്നും പറഞ്ഞപ്പോള്‍ ആ ഉദ്യമത്തില്‍നിന്നും പിന്‍മാറി.
റോജി ഒരൊറ്റ കാര്യമായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. കമ്പനി നിലവില്‍ ഇടപാട് നടത്തുന്ന ബാങ്കില്‍ എം.ഡിക്കും മകനും വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നത്, ഒരു ഫോണ്‍കോളില്‍ കമ്പനിയുടെ എല്ലാ ആവശ്യങ്ങളും ആ ബാങ്കില്‍ നടത്തിക്കിട്ടും. ഇവിടെയും അതേ പരിഗണന കിട്ടണം. ലഭിക്കുമെന്ന ഉറപ്പു ചേട്ടന്‍ നല്‍കി. അതിനോടകം നഷ്ടപ്പെട്ട വായ്പ തിരിച്ചുപിടിച്ചാല്‍ മാത്രമേ ബ്രാഞ്ച് ലാഭത്തിലെത്തു. അതിനായി ഇടപാടുകരെ കണ്ടുപിടിക്കാനിടെയുള്ള ഓട്ടത്തിനിടയില്‍ റോജിയുടേ ഫോണ്‍ കോള്‍ വീണ്ടും വന്നു. ഇത്തവണ രണ്ടുകോടി രൂപയുടെ ഒരു ലോണ്‍ പ്രപ്പോസല്‍. ലക്ഷയര്‍ ഇംപെക്‌സിനല്ല അവര്‍ക്കു കൂടി താല്‍പ്പര്യമുള്ള സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിന്. ഈട് ലക്ഷയര്‍ ഇപെക്‌സിന്റ നാലു കോടി രൂപയുടെ സ്ഥിര നിക്ഷേപം!
എം.ഡിയുടെയും മകന്റെയും പണവും വസ്തുവകകളും കൈകാര്യം ചെയ്യാനുള്ള അവരുടെ തന്നെ സംരംഭമാണത്രേ ട്രസ്റ്റ്. മൂന്നാറിലുള്ള അവരുടെ തോട്ടത്തിന്റെ മേല്‍നോട്ടം വഹിക്കുന്നയാളാണ് ട്രസ്റ്റി - അത് വെറും പേരിന്. രണ്ടു മാസം കൂടുമ്പോഴോ മറ്റോ ആവും അയാള്‍ മുംബൈയില്‍ എത്തുക. അപ്പോള്‍ മാത്രമേ ലോണ്‍ പേപ്പറുകള്‍ അയാള്‍ക്ക് ഒപ്പിട്ടു തരാന്‍ സാധിക്കൂ. പക്ഷേ ഈ ലോണ്‍ ഉടന്‍ വേണ്ടതാണ്.
ആവശ്യമായ പേപ്പറുകള്‍ നല്‍കുകയാണെങ്കില്‍ കൊറിയറില്‍ അയച്ച് ഒപ്പിടുവിച്ചു നല്‍കാം എന്നതായിരുന്നു ഒരു വ്യവസ്ഥ. ട്രസ്റ്റിന് നല്‍കുന്ന ലോണിന്റെ പലിശ ട്രസ്റ്റ് തന്നെ ഓണ്‍ലൈന്‍ ആയി ലോണ്‍ അക്കൗണ്ടിലേക്ക് എല്ലാ മാസവും അയക്കുമെന്നും, മാസാമാസം ഡെപ്പോസിറ്റിനു നല്‍കേണ്ടുന്ന പലിശ കമ്പനിയുടെ അക്കൗണ്ടിലേക്കു പതിവ് പോലെ വരവ് വയ്ക്കണമെന്നതുമായിരുന്നു മറ്റൊരാവശ്യം. ഇതേ പോലെയുള്ള ലോണ്‍ ഇപ്പോള്‍ ഇടപാട് നടത്തുന്ന ബാങ്കില്‍നിന്നും പതിവായി എടുക്കുന്നതാണെന്ന് പറഞ്ഞപ്പോള്‍ നിരാകരിക്കാനായില്ല.
ഒന്നരയാഴ്ചകൊണ്ട് ലോണ്‍ പേപ്പറുകള്‍ മുഴുവന്‍ ഒപ്പിട്ട് റോജി തന്നെ തിരികെ എത്തിച്ചു. ശാഖയുടെ ബിസിനസില്‍ ആറുകോടി രൂപയുടെ വര്‍ധനവ് കണ്ട് ചേട്ടന്‍ തെല്ലാശ്വാസിച്ചു. അപ്പോഴും ആഴ്ചയിലൊരിക്കല്‍ മുടങ്ങാതെ റോജിയെ ചേട്ടന്‍ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇനിയും ലഭിച്ചിട്ടില്ലാത്ത ട്രസ്റ്റ് ഡീഡ് ഉള്‍പ്പെടെയുള്ള പേപ്പറുകള്‍ ലഭ്യമാക്കുവാന്‍ മാത്രമായിരുന്നില്ല, കമ്പനിയുടെ മറ്റേതെങ്കിലും ബിസിനസ് കൂടി ലഭിക്കുമോ എന്ന ഉദ്ദേശ്യവും ആ വിളികളിലുണ്ടായിരുന്നു. പൊടുന്നനെ ഒരു നാള്‍ റോജിയെ ഫോണില്‍ കിട്ടാതായി. കണ്ടുമുട്ടിയിരുന്ന ട്രെയിന്‍ യാത്രകളിലും അയാളെ കാണാതായി. ലാന്‍ഡ് നമ്പറില്‍ വിളിച്ചപ്പോള്‍ അയാള്‍ കമ്പനിയില്‍ നിന്നുപോയി എന്നറിഞ്ഞു.തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ ബാങ്കില്‍നിന്നും നല്‍കിയ സ്ഥിരനിക്ഷേപ രസീതുമായി ലക്ഷയര്‍ ഇംപെക്‌സില്‍ നിന്നു ഒരാള്‍ ബാങ്കിലെത്തി.
റോജിയെന്ന അക്കൗണ്ടന്റ് കമ്പനിയില്‍നിന്നും ഒരുനാള്‍ അപ്രത്യക്ഷനായെന്നും, വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളുടെ ബാലന്‍സ് ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുതുതായി ചാര്‍ജ് എടുത്തയാള്‍ക്ക് നല്‍കാനുള്ള കത്താണിതെന്നും പറഞ്ഞ് കമ്പനിയുടെ ലെറ്റര്‍ ഹെഡിലുള്ള കത്ത് കൈമാറി. ആ കത്ത് കണ്ടപ്പോള്‍ തന്നെ അപകടം മണത്തു. എം.ഡിയുടെ ഒപ്പ് മറ്റൊരാള്‍ ഇട്ടിരിക്കുന്നു.
അന്നത്തെ ആപ്ലിക്കേഷന്‍ ഫോറത്തിലെയും ലോണ്‍ പേപ്പറുകളിലെയും ഒപ്പ് ചേട്ടന് കൃത്യമായി ഓര്‍മയുണ്ടായിരുന്നു. അയാളുടെ കൈവശമിരുന്ന രസീത് വാങ്ങി നോക്കി. ഡെപ്പോസിറ്റ് രസീതിന്റ കളര്‍ ഫോട്ടോസ്റ്റാറ്റ്. യഥാര്‍ത്ഥ രസീത് ലോണ്‍ പേപ്പറുകള്‍ക്കൊപ്പം ബാങ്കില്‍! ഒരേ സമയം ബാങ്കിനെയും കമ്പനിയെയും കബളിപ്പിച്ചിരിക്കുന്നു. ഇത് എം.ഡിയുടെ ഒപ്പ് തന്നെയാണോ എന്ന ചോദ്യത്തിന് അതേ എന്നയാള്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ കബളിപ്പിക്കപ്പെട്ടു എന്ന് പൂര്‍ണ ബോധ്യമായി.
കമ്പനിക്ക് ഈ ഡെപ്പോസിറ്റ് ഉണ്ട് എന്ന ഒരു കത്ത് മാത്രം നല്‍കി അന്ന് അയാളെ തന്ത്രപൂര്‍വം പറഞ്ഞുവിട്ടു. സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിനു ലോണായി നല്‍കിയ ഡിമാന്റ് ഡ്രാഫ്റ്റ് കേരളത്തിലെ ഒരു സഹകരണ ബാങ്കില്‍ പണമാക്കി മാറ്റിയെന്ന് കണ്ടെത്തി. ഡി.ഡി മാറിയതിന്റെ പിറ്റേ ആഴ്ച അക്കൗണ്ടും ക്ലോസ് ചെയ്തിരിക്കുന്നു.
ബാങ്കിന്റ ഭാഗത്താണ് വീഴ്ച കൂടുതല്‍. ആളുകളെ തിരിച്ചറിയാതെ, അവരുടെ ഒപ്പു പോലും പരിശോധിക്കാതെ അക്കൗണ്ട് തുടങ്ങി. ഒടുവില്‍ ഏതോ ഒരു ട്രസ്റ്റിന് - അവിടെയും യാതൊന്നും പരിശോധിക്കാതെ ഈ ഡെപ്പോസിറ്റിന്റെ ഈടിന്മേല്‍ ചെറുതല്ലാത്തൊരു തുക വായ്പ കൊടുത്തിരിക്കുന്നു.
സഹപ്രവര്‍ത്തകരോട് പോലും പറയാന്‍കഴിയാത്ത അവസ്ഥ. സമ്മര്‍ദ്ദം താങ്ങാനാകാതെ വന്നപ്പോള്‍ മനസ് കണ്ടെത്തിയ പുതുവഴിയാണ് ഇപ്പോഴത്തെ ചേട്ടന്റെ അവസ്ഥയെന്ന് എനിക്ക് മനസിലായി. പന്ത്രണ്ടാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ച ബിനുവിനെ കാര്യങ്ങള്‍ അറിയിക്കുന്നത് അങ്ങനെയാണ്. ബിനുവുമായുള്ള സൗഹൃദം ചേട്ടന് നേരത്തേ അറിയുകയും ചെയ്യാം.
ദുബായിയില്‍ നിന്ന് ബിനു നാട്ടിലെത്തി. തൊടുപുഴ ആശുപത്രിയിലെ കൃത്യമായ മരുന്നും പരിചരണവും. മൂന്നു നാലു ദിവസങ്ങള്‍കൊണ്ടുതന്നെ പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങി. ചേട്ടന്‍ ഈ തുരുത്തില്‍ ഒറ്റയ്ക്കല്ല എന്നു ബോധ്യപ്പെടുത്താന്‍ ബിനുവിനായി. ബിനു ജോലി ചെയ്യുന്ന ദുബായിലുള്ള ബാങ്കിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ സ്വകാര്യ ഡിറ്റക്ടീവ് വഴി എത്രയും പെട്ടെന്ന് റോജിയെ കണ്ടെത്താമെന്നു ബിനു പറഞ്ഞത് ചേട്ടനില്‍ ധൈര്യം പകര്‍ന്നു.
സംഭവിച്ചതൊന്നും ഇപ്പോള്‍ ആരോടും പറയേണ്ടതില്ലെന്നും എത്രയും പെട്ടെന്ന് ചേട്ടന്‍ ബാങ്കില്‍ തിരികെ പ്രവേശിക്കാനും തീരുമാനിക്കുന്നത് അങ്ങനെയാണ്. അപ്പോഴും ഞങ്ങളെ കുഴക്കിയത് മറ്റൊന്നാണ്. കബളിപ്പിക്കണമായിരുന്നെങ്കില്‍ ഈ ലോണില്‍ ഓരോ മാസവും കൃത്യമായി പലിശ അടയ്ക്കുന്നത് എന്തിന്? ഓണ്‍ലൈന്‍ വഴി വന്നു കൊണ്ടിരുന്ന പലിശ അടയ്ക്കുന്നത് ആരെന്ന അന്വേഷണമാണ് ജെ.എസ് മിഡാസ് സ്റ്റോക്ക് ബ്രോക്കിംഗില്‍ എന്നെ കൊണ്ടെത്തിച്ചത്!
വിജയികളായ മലയാളി സംരംഭകരെക്കുറിച്ചുള്ള ഗ്ലോബല്‍ മലയാളം പബ്ലിക്കേഷന്റെ പുസ്തകത്തിനായി മാനേജിംഗ്് ഡയറക്ടര്‍ ജീവന്‍ ജോര്‍ജിനെ തിരിച്ചറിയാന്‍ ശ്രമിച്ചതാണ് വഴിത്തിരിവായത്. മൂലധനത്തിന്റെ അപര്യാപ്തതയില്‍ കമ്പനിയുടെ സ്വാഭാവിക മരണം. അധികാരിയെ മൂലധനം നിക്ഷേപിക്കാന്‍ ക്ഷണിച്ചാല്‍ ബിസിനസ് അയാളുടെ കൈകളിലേക്ക്. ചുരുങ്ങിയനാള്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ എനിക്ക് ബോധ്യമായി.
കമ്പനിയുടെയും എം.ഡിയുടെയും മറ്റും ആസ്തി എത്രയെന്നും മറ്റാരുടെയും സഹായമില്ലാതെ ഈ ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവുമോയെന്നുമായിരുന്നു എനിക്കറിയേണ്ടത്. കമ്പനിയുടെ മൂലധനം മുപ്പത് ലക്ഷത്തില്‍നിന്ന് ഒന്നരക്കോടിയായി ഉയര്‍ന്നതെങ്ങനെയെന്നും, മാനേജിംഗ് ഡയറക്ടറെക്കുറിച്ചും, സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിനേക്കുറിച്ചും ഡയറക്ടര്‍ റോജിയെക്കുറിച്ചും വിജയ് അധികാരിയെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ലഭിച്ചത് ബിനു ഏര്‍പ്പെടുത്തിയ പ്രൈവറ്റ് ഡിറ്റക്ടീവില്‍ നിന്നാണ്.
ഇന്ത്യയില്‍ ഒരു ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനം തുടങ്ങാന്‍ അതിനോടകം പദ്ധതിയിട്ടിരുന്ന ജെബീബ് ബാങ്കിന് എന്തുകൊണ്ട് ജെ.എസ് മിഡാസിനെ പരിഗണിച്ചു കൂടാ എന്ന് ചിന്തിക്കുന്നതു അങ്ങനെയാണ്. ഓഹരി വിറ്റ് പണം കിട്ടിയാല്‍ ഒട്ടും സമയം കളയാതെ സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിന്റെ പേരില്‍ തരപ്പെടുത്തിയ ലോണ്‍ തിരിച്ചടപ്പിക്കാനാവുമോ എന്ന് ബിനു ചോദിച്ചപ്പോള്‍ സംശയമില്ലാതെ ആകും എന്ന് ഞാന്‍ പറഞ്ഞത് അതിനോടകം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയ ഉറപ്പിലായിരുന്നു.
ജേര്‍ണലിസം ക്ലാസിലെ സഹപാഠിയും സബ് എഡിറ്ററുമായ പ്രവീണിനെ കൊണ്ട് ജെബീബ് ബാങ്കിനെക്കുറിച്ച് പത്രത്തില്‍ ലേഖനമെഴുതിച്ചതും ആകസ്മികമെന്നോണം ആ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിച്ചതും അങ്ങനെയാണ്. ജെബീബ് ബാങ്കില്‍ നിന്നുമുള്ള പണം, ലക്ഷയര്‍ ഇംപെക്‌സ് കമ്പനിയുടെ സ്ഥിരനിക്ഷേപം കാലാവധി എത്തും മുമ്പ് ലഭിക്കുമോ എന്നതായിരുന്നു പിന്നീടുള്ള ആശങ്ക. ബിനുവിന്റെ സാന്നിധ്യം കാര്യങ്ങള്‍ എളുപ്പമാക്കി. നിക്ഷേപത്തിന്റെ ഈടിന്മേല്‍ സ്റ്റോണ്‍കോര്‍ട്ട് ട്രസ്റ്റിനു നല്‍കിയ ലോണ്‍ മുഴുവന്‍ കാലാവധിക്ക് മുന്‍പേ തിരിച്ചടച്ചു.
സ്വകാര്യ കുറ്റാന്വേഷകനെ വച്ച് ആളെ കണ്ടെത്തി സമ്മര്‍ദ്ദം ചെലുത്തിയതുവഴിയാണ് അത് സാധിച്ചതെന്നു മാത്രം ബിനു ചേട്ടനെ അറിയിച്ചു. മുംബൈയില്‍ ഞാനെത്തിയ കാര്യം മറച്ചു വച്ചത് ഇക്കാര്യങ്ങളെക്കുറിച്ചറിഞ്ഞാല്‍ ചേട്ടന്‍ ഒരിക്കലും സമ്മതിക്കില്ലെന്നു അറിയാവുന്നത് കൊണ്ടായിരുന്നു.
സംഭവ ബഹുലമായ ആ വര്‍ഷാവസാനം തൃശ്ശൂരിലേക്കു ചേട്ടന് ട്രാന്‍സ്ഫര്‍ കിട്ടിയത് ആകസ്മികമായാണ്. മുംബൈയില്‍നിന്ന് സ്വയം കാറോടിച്ച് നാട്ടില്‍ വരാന്‍ പദ്ധതിയിട്ടതും ചേട്ടനാണ്. ഊണു കഴിച്ചതിന്റെ ആലസ്യത്തില്‍ കണ്ണൊന്ന് ചിമ്മിയതാവാം എന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നറിഞ്ഞത്. വൈദ്യുതി തൂണില്‍ കാര്‍ ഇടിച്ചു. കോണ്‍ക്രീറ്റ് തൂണ്‍, ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ് കാറിന്റെ മുകളില്‍ വീണപ്പോള്‍ ചേട്ടന്റെ യാത്ര അവിടെ അവസാനിച്ചു. ഇങ്ങനെയൊരു മനുഷ്യനെക്കുറിച്ചോ ഈ സംരംഭ വിജയത്തില്‍ അയാള്‍ അറിയാതെയാണെങ്കിലും വഹിച്ച പങ്കിനെക്കുറിച്ചോ പുസ്തകത്തിന് വേണ്ടി തയ്യാറാക്കിയ കുറിപ്പുകളില്‍ ഒന്ന് പരാമര്‍ശിക്കാന്‍ പോലും സ്വന്തം സഹോദരിയായ എനിക്ക് കഴിഞ്ഞില്ല.
വീണ്ടും എന്നിലേക്ക് വരട്ടെ. ജെബീബ് ബാങ്ക് ഏറ്റെടുക്കുമെന്ന് ഉറപ്പായതോടെ പണം ലഭിച്ചാല്‍ അന്ന് തന്നെ തീര്‍ക്കേണ്ടുന്ന ബാധ്യതയെക്കുറിച്ചായിരുന്നു പിന്നീടുള്ള ചിന്ത. നിനച്ചിരിക്കാത്ത ഒരു നാളില്‍ ആന്‍സി എന്ന പേര് പരാമര്‍ശിച്ചത് വഴിത്തിരിവായി. തന്ന വിവരങ്ങളിലൂടെ ഫേസ്ബുക്ക് വഴി ആന്‍സിയില്‍ എത്തിച്ചേരാന്‍ വിഷമമുണ്ടായില്ല.
ആ നാളുകളില്‍ മുംബൈയിലെ രാത്രികളില്‍, ഹോസ്റ്റലില്‍ ഇരുന്ന്, എന്നെയേല്‍പ്പിച്ച ജോലി ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. ആവേശത്തോടെ എഴുതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു കൃത്യമായി അറിഞ്ഞപ്പോള്‍ എങ്ങനെ പൂര്‍ത്തിയാക്കണമെന്നറിയാതെ കുഴങ്ങി. കമ്പനിയില്‍ നല്‍കിയ പേരും മേല്‍വിലാസവുമെല്ലാം വ്യാജം. മുംബൈയില്‍നിന്ന് ആരോടും പറയാതെ പോവുക എന്നത് മാത്രമായി പോംവഴി.
മുംബൈയില്‍ നിന്ന് പോയി ഒരു മാസത്തിനുള്ളില്‍ ബിനുവുമായുള്ള വിവാഹം നടന്നു. വിവാഹശേഷം ദുബായ് യാത്രയ്ക്കുമുമ്പ് ചേട്ടനെ ഒരു മെമ്മറി സ്റ്റിക് ഏല്‍പ്പിച്ചിരുന്നു. വിവാഹത്തിന്റെ വീഡിയോ റിക്കോര്‍ഡിംഗിനൊപ്പം ജേര്‍ണലിസം പ്രോജക്ടും, മുംബൈയില്‍ വച്ചു പുസ്തകത്തിനായി തയ്യാറാക്കിയ കുറിപ്പുകളും വെവ്വേറെ ഫോള്‍ഡറുകളില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.
ഞാന്‍ ദുബായില്‍ എത്തി ഏതാണ്ട് മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് ചേട്ടന്റെ മരണം.
ഇത്രയും നാള്‍ കഴിഞ്ഞ് അത് നിങ്ങളുടെ കൈവശം എത്തിച്ചേര്‍ന്നുവെന്ന് ഫോണ്‍കോളിലൂടെ അറിഞ്ഞപ്പോള്‍, എന്നെ വിസ്മയിപ്പിച്ചത് അത് എങ്ങനെ നിങ്ങളില്‍ എത്തി എന്നതാണ്. ഞാന്‍ ഇതുവരെ എഴുതിയ കാര്യങ്ങള്‍, ഇതല്ലാതെ മറ്റൊന്നും എനിക്ക് എന്നെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ടോ പറയാനില്ല.
-ജെനി-
ഈ മെയില്‍ അവസാനിച്ചു.
പുസ്തകത്തിന് വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍! ബൗദ്ധികമായ ക്ലേശങ്ങളെക്കുറിച്ചു മാത്രമാണ് എന്തെങ്കിലും ആദ്യ താളുകളില്‍ അവള്‍ക്കു കുറിക്കാനായത്. അലഞ്ഞ ജീവിതം, തട്ടി വീണ കടമ്പകള്‍, ദരിദ്രമായ ജീവിതത്തില്‍ അനുഭവിച്ച പരിഹാസങ്ങള്‍, അപ്പോഴും അണയാതെ സൂക്ഷിക്കാന്‍ ശ്രമിച്ച നൈതികതയുടെ ചെറിയ ചിരാത്. എന്ത് നൈതികത.... നേരിട്ടല്ലെങ്കിലും, തന്റെ മൗനാനുവാദമില്ലായിരുന്നെങ്കില്‍ റോജി ഈ സാഹസത്തിനു മുതിരുമായിരുന്നോ! അവള്‍ പറയുന്നത് സത്യമെങ്കില്‍ അവളല്ലാതെ മറ്റാരാണ് ഈ പെന്‍ഡ്രൈവ് ഇങ്ങനെ കൈമാറിയത് !
ആന്‍സി ഇത് വായിച്ചിരിക്കുമോ. അവള്‍ക്കു എന്താകും മനസിലായിട്ടുണ്ടാവുക. മൊബൈല്‍ സ്‌ക്രീനില്‍ ആന്‍സിയുടെ വാട്സ്ആപ്പ് സന്ദേശം വീണ്ടും. പകരം ഡ്യൂട്ടിക്ക് വരേണ്ട ആള്‍ക്ക് എത്താനാവാത്തതിനാല്‍ അടുത്ത ഷിഫ്റ്റ് കൂടി ആസ്പത്രിയില്‍ തുടര്‍ന്നേ മതിയാവൂ!



Tags:    

Similar News